ബ്രസീല്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു

Posted on: August 28, 2013 6:00 am | Last updated: August 28, 2013 at 12:15 am
SHARE

ബ്രസീലിയ: ബ്രസീല്‍ വിദേശകാര്യ മന്ത്രി അന്റോണിയോ പാട്രിയ സ്ഥാനം രാജിവെച്ചു. അഴിമതിക്കുറ്റമാരോപിക്കപ്പെട്ട ബൊളീവിയന്‍ പ്രതിപക്ഷ സെനറ്ററെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. പ്രസിഡന്റ് ദില്‍മ റൗസെഫ് ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. എന്നാല്‍ അന്റോണിയോയെ യു എന്നിലെ ബ്രസീലിയന്‍ അംബാസഡറായി നിയമിക്കുമെന്ന് പ്ലാനറ്റോ കൊട്ടാരം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. ബൊളീവിയന്‍ പ്രതിപക്ഷ സെനറ്ററെ മന്ത്രി രാജ്യത്ത്‌നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന് ബ്രസീല്‍ നയതന്ത്രപ്രതിനിധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാല്‍സിന്റെ എതിരാളിയും സെനറ്ററുമായ റോജര്‍ പിന്റോയെ എംബസിയുടെ വാഹനത്തില്‍ ബ്രസീല്‍ സൈനികരുടെ അകമ്പടിയോടെ കൊറൂംബ നഗരത്തിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.