സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

Posted on: August 28, 2013 6:00 am | Last updated: August 28, 2013 at 9:32 am
SHARE

തിരുവനന്തപുരം: പ്രതീക്ഷിച്ച നികുതി വരുമാനം നേടാനാകാതെ സംസ്ഥാനം സാമ്പത്തിക സ്തംഭനത്തിലേക്കെന്ന് കണക്കുകള്‍. നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതത്തില്‍ നേരിടുന്ന വന്‍ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി വിഹിത ചെലവിനായി കമ്പോള വായ്പയുടെ പകുതിയിലേറെ കടമെടുത്ത അവസ്ഥയിലാണ് ധനസ്ഥിതിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ധനകാര്യഭരണരംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധിയും ഈ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രധാന റവന്യൂ വരുമാനമായ വാണിജ്യ നികുതിയിലടക്കം പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകാത്തതാണ് തിരിച്ചടിയാകുന്നത്. എക്‌സൈസ്, രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പുകളില്‍ നികുതി പിരിവില്‍ വന്‍ ഇടിവാണുണ്ടായത്. 26 ശതമാനം ലക്ഷ്യം പ്രതീക്ഷിച്ചിരുന്നപ്പോള്‍ വാണിജ്യ നികുതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം പിന്നിടുമ്പോള്‍ 14 ശതമാനത്തില്‍ ഒതുങ്ങി. ആകെ നികുതി വരുമാനത്തില്‍ 12.11 ശതമാനം മാത്രമാണ് കൈവരിക്കാനായത്. കമ്പോള വായ്പയായി എടുക്കാവുന്ന 12500 കോടിയില്‍ ഓണത്തിന്റെ ചെലവിനുള്‍പ്പടെ ഇതുവരെ 6100 കോടി രൂപ കടമെടുത്തു കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് ചൂണ്ടിക്കാട്ടാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി കെ എം മാണി തന്നെയാണ് നികുതി വരുമാനത്തിലെ ചോര്‍ച്ചകള്‍ സംബന്ധിച്ച് പറയാതെ പറഞ്ഞത്.
ജൂലൈ 31 വരെയുള്ള കാലയളവില്‍ 7583 കോടി രൂപയാണ് വാണിജ്യ നികുതിയിനത്തില്‍ പിരിഞ്ഞത്. വളര്‍ച്ചാ നിരക്കില്‍ 12.66 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയിലുണ്ടായത്. രജിസ്‌ട്രേഷന്‍ നികുതിയിനത്തില്‍ 774 കോടിരൂപ ലഭിച്ചപ്പോള്‍ വളര്‍ച്ചാ നിരക്കില്‍ 16.11 ശതമാനമാനത്തിന്റെ ഇടിവുണ്ടായി. എക്‌സൈസ് നികുതിയിനത്തിലും വളര്‍ച്ചാനിരക്കിലും 12.66 ശതമാനത്തിന്റെ കുറവുണ്ടായി.
എക്‌സൈസ് നികുതിയിനത്തില്‍ പിരിഞ്ഞത് 619.98 കോടി രൂപയാണ്. മോട്ടോര്‍ വാഹന നികുതയിലും ഇക്കുറി നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 650.35 കോടി രൂപ പിരിഞ്ഞ വകുപ്പിന്റെ നികുതി വളര്‍ച്ചാ നിരക്കില്‍ 13.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 12 ജില്ലകളിലും പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തത് പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം, മലപ്പുറം ജില്ലകളൊഴികെ മറ്റ് ജില്ലകളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം നേടാനായിട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്ന മൊത്തം മദ്യത്തിന്റെ നികുതി തിരുവനന്തപുരം ജില്ലയിലാണ് അടക്കുന്നത്. ഇതാണ് തിരുവനന്തപുരം ജില്ലയിലെ നികുതി വരുമാനത്തെ പിടിച്ചു നിര്‍ത്തിയത്. തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ മലപ്പുറത്താണ് പ്രതീക്ഷിച്ചത്ര നികുതി വരുമാനം നേടിയത്.
എക്‌സൈസ് മേഖലയിലെ നികുതി വര്‍ധന ഇത്തവണ 22 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. മദ്യത്തിന്റെ വിലകൂട്ടിയതും നികുതി വര്‍ധിപ്പിച്ചതും ഉപഭോഗം കുറയാനിടയാക്കിയെന്നാണ് കെ എം മാണി വ്യക്തമാക്കിയത്. റബ്ബര്‍, ഏലം, കുരുമുളക് പോലുള്ള നാണ്യവിളകളുടെ വിലയിടിവും മണ്‍സൂണ്‍ അതിവര്‍ഷം മൂലം കാര്‍ഷിക മേഖലയില്‍ ഉത്പാദനം കുറഞ്ഞതും നിര്‍മാണ മേഖലയിലെ മാന്ദ്യവും നികുതി വരുമാനം കുറയാന്‍ ഇടയാക്കിയതായി മന്ത്രി കെ എം മാണി ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തികവര്‍ഷം പെട്രോള്‍ വിലയില്‍ മാസം തോറും 6.8 പൈസയോളം കുറഞ്ഞു. ഇതനുസരിച്ച് നികുതി നിരക്ക് പുനക്രമീകരിക്കാന്‍ കഴിയാതിരുന്നതു മൂലം 25 കോടിയോളം നികുതി നഷ്ടത്തിനിടയാക്കി. കാലവര്‍ഷം മൂലം താപനിലയങ്ങള്‍ ഉത്പ്പാദനം കുറച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ് ഇനത്തില്‍ ലഭിക്കേണ്ട വരുമാനം കുറച്ചു. രൂപയുടെ മൂല്യശോഷണം കശുവണ്ടി, തടി വ്യവസായ മേഖലകളില്‍ ഉണ്ടാക്കിയ തിരിച്ചടിയും കണക്കൂക്കൂട്ടലുകള്‍ തെറ്റിച്ചു. ബജറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ നികുതി നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചതും അരി നികുതി വിമുക്തമാക്കിയതും തിരിച്ചടിക്ക് കാരണമായി ധനമന്ത്രി വിശദീകരിച്ചു.
അഴിമതി രഹിത ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തന തുടര്‍ച്ച നഷ്ടമായതാണ് നികുതി വരുമാനത്തിന്റെ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.