ലാല്‍ജി വധം: അഞ്ചാം പ്രതി അറസ്റ്റില്‍

Posted on: August 28, 2013 6:00 am | Last updated: August 28, 2013 at 9:31 am
SHARE

തൃശൂര്‍: കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട അയ്യന്തോളിലെ കോണ്‍ഗ്രസ് നേതാവ് ലാല്‍ജി യെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അഞ്ചാം പ്രതി അയ്യന്തോള്‍ ഈച്ചരത്ത് വീട്ടില്‍ രാജേന്ദ്രനാണ് അറസ്റ്റിലായത്. ലാല്‍ജി വധത്തിന് ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണില്‍ അയ്യന്തോളില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മധു ഈച്ചരത്തിന്റെ മരുമകനാണ് രാജേന്ദ്രന്‍. മധു വധക്കേസില്‍ അറസ്റ്റിലായ പ്രതി ലാല്‍ജിയെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് രാജേന്ദ്രനുള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മധു വധകേസില്‍ ലാല്‍ജിക്ക് പങ്കുണ്ടെന്ന് തോന്നിയതിനാലാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കേസില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. നേരത്തെ അറസ്റ്റിലായവര്‍ക്ക് രാജേന്ദ്രന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.