Connect with us

Articles

ഓണപ്പറമ്പിലെ കര്‍സേവകര്‍

Published

|

Last Updated

സംഘ്പരിവാര്‍ പൊളിക്കുമ്പോള്‍ മാത്രമല്ല, പള്ളിയുടെ താഴികക്കുടങ്ങള്‍ തകരുന്നതും മതേതരത്വ രാഷ്ട്രീയം ദുര്‍ബലപ്പെടുന്നതും. ആരാധനാലയങ്ങള്‍ മുസ്‌ലിംകള്‍ തച്ചുടച്ചാലും ഇവയൊക്കെ സംഭവിക്കും എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഓണപ്പറമ്പില്‍ ഉണ്ടായത്. പക്ഷേ, പള്ളി പൊളിക്കുന്ന സംഘ്പരിവാറിനെതിരെയും പള്ളിക്കെതിരെ അക്രമം അഴിച്ചുവിടുന്ന മുസ്‌ലിം മത, സാമുദായിക സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യത്യസ്തവും വൈരുധ്യം നിറഞ്ഞതുമായ നിലപാടുകളാണ് പല മുസ്‌ലിം സംഘടനകളും സ്വീകരിക്കുന്നത്. സംഘടനാപരമായ അവസരവാദ സമീപനങ്ങള്‍ക്ക് വേണ്ടി സമുദായത്തെയും അതിന്റെ അഭിമാന ചിഹ്നങ്ങളായ മതസ്ഥാപനങ്ങളെയും ബലികഴിക്കണമോ എന്നു തീരുമാനിക്കേണ്ടത് മുസ്‌ലിംകള്‍ തന്നെയാണ്. അതിന് മുസ്‌ലിം സംഘടനകള്‍ തയ്യാറാണോ എന്നാണ് ഓണപ്പറമ്പിലെ കര്‍സേവ സമുദായത്തോട് ചോദിക്കുന്നത്. സമുദായത്തിന്റെ ഭാവിയില്‍ താത്പര്യമുള്ളവര്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും. അല്ലാത്തവര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അടുത്ത പള്ളിയുടെയോ മദ്‌റസയുടെയോ പാതയോരത്ത് കല്ലിന്‍ ചീളുകളും സോഡക്കുപ്പികളും എടുത്ത് കാത്തിരിക്കും. തൃശൂലമായിരുന്നു അവരുടെ ആത്യന്തിക ആയുധമെന്ന് വരും തലമുറ എളുപ്പത്തില്‍ കണ്ടെത്തുകയും ചെയ്യും.

മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാജ്യം എത്തി നില്‍ക്കെ ഡല്‍ഹിയിലേക്ക് അയോധ്യ വഴി രണ്ടാമതൊരിക്കല്‍ കൂടി വഴി തുറക്കാനാകുമോ എന്ന് ബി ജെ പിയും മറ്റു വലതുപക്ഷ തീവ്രഹിന്ദുത്വ സംഘടനകളും അണിയറയില്‍ കൗശലങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയും വി എച്ച് പിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍, 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് പരിക്രമ യാത്രയും മറ്റും തകൃതിയായി നടന്നുകൊണ്ടിരിക്കുകയുമാണ്. നാല് നൂറ്റാണ്ടോളം മുസ്‌ലിംകള്‍ ജഗന്നിയന്താവിന് സാഷ്ടാംഗം അര്‍പ്പിച്ച മസ്ജിദ് തകര്‍ക്കപ്പെടുകയും തകര്‍ക്കപ്പെട്ട ആ പള്ളി പിന്നീട് ഇന്ത്യയിലെ സവര്‍ണ ഹൈന്ദവ വലതുപക്ഷത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചയുടെയും ആത്മാഭിമാനത്തിന്റെയും അടയാളമായിത്തീരുകയും ചെയ്തത് ഇന്ത്യന്‍ ചരിത്രത്തിലെ വേദനാജനകമായ അധ്യായങ്ങളാണ്. മതവിശ്വാസികളുടെ ആരാധനാലയങ്ങളോട് സംസ്‌കൃത ചിത്തരായ ജനസമൂഹം പുലര്‍ത്തുന്ന ബഹുമാനാദരവുകളെ, കുടിലവും നികൃഷ്ടവുമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി പിച്ചിച്ചീന്തിയ സംഘ്പരിവാരം ഇന്ത്യയുടെ വര്‍ത്തമാനകാല ചരിത്രത്തിലെ കറുത്ത ഏടിനെയാണ് സ്വന്തം നെറ്റിത്തടത്തില്‍ തിലകക്കുറിയായി വാരിത്തേച്ചിരിക്കുന്നത്. ബാബരി മസ്‌സ്ജിദിന്റെ തകര്‍ച്ചയോടെ ഒരു മതേതര രാജ്യം എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാനാകാതെ ഇന്ത്യ അതിലെ മുസ്‌ലിം പൗരന്മാര്‍ക്ക് മുന്നില്‍ തല കുനിച്ചുനിന്നു. 92ന് ശേഷം ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. ബാബരി പള്ളി പോലെ തകര്‍ക്കപ്പെടേണ്ടതാണ് ഓരോ മുസ്‌ലിമും അവന്റെ ആത്മാഭിമാനവും ആ ആത്മാഭിമാനത്തെ പേറുന്ന അവന്റെ മതചിഹ്നങ്ങളുമെന്ന് സംഘ്പരിവാരം ആണയിട്ടുതുടങ്ങി. ബാബരി തകര്‍ച്ചയോടെ ഫാസിസത്തിന്റെ ഇന്ത്യന്‍ പിണിയാളുകളെ നമുക്ക് കൂടുതല്‍ തെളിച്ചത്തോടെ കാണാനായി. അസഹിഷ്ണുത വലതുപക്ഷ ഹൈന്ദവരാഷ്ട്രീയത്തിന്റെ രൂപഭാവങ്ങള്‍ സ്വീകരിച്ചതോടെ രാജ്യം നേരിടുന്ന പ്രധാന ഭീഷണി എന്താണ് എന്നതിനെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നു. അങ്ങനെ ബാബരി പള്ളിയുടെ തകര്‍ച്ച കേവലം ഒരു പള്ളിയുടെ മാത്രം തകര്‍ച്ചയല്ലാതായി മാറി. നാം പവിത്രം എന്ന് കരുതിപ്പോന്ന മൂല്യങ്ങളുടെയും ചരിത്ര വര്‍ത്തമാനങ്ങളുടെയും, നാം സ്വപ്‌നം കണ്ട സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന്റെയും കടക്കല്‍ സംഘ്പരിവാര്‍ വെച്ച മൂര്‍ച്ചയേറിയ മഴുവായി ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ചരിത്രം അടയാളപ്പെടുത്തി.
സംഘ്പരിവാര്‍ തകര്‍ത്ത ബാബരി പള്ളിയെക്കുറിച്ച് ഇത്രയും വിശദമായി ഓര്‍ക്കാന്‍ കാരണം കണ്ണൂര്‍ തളിപ്പറമ്പിനടുത്ത പരിയാരം പഞ്ചായത്തിലെ ഓണപ്പറമ്പില്‍ കഴിഞ്ഞ ആഗസ്റ്റ് 15ന് അര്‍ധരാത്രി സലാമത്ത് എജ്യുക്കേഷനല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കും മദ്‌റസക്കുമെതിരെ നടന്ന അതിക്രമങ്ങളാണ്. പിറ്റേ ദിവസം ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ ഓണപ്പറമ്പിലെ പള്ളിക്കും മദ്‌റസക്കുമെതിരെ വ്യാപകമായ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തത് മുസ്‌ലിം സംഘടനയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നത് ചരിത്രത്തിലെ വിരോധാഭാസമാകാം. 1992 ഡിസംബറിലെ അയോധ്യയില്‍ നിന്ന് 2013ലെ ഓണപ്പറമ്പിലെത്തുമ്പോഴേക്കും സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ കര്‍സേവകരെ വളര്‍ത്തിയെടുത്ത്, മുസ്‌ലിംകള്‍ പവിത്രം എന്നു കരുതിപ്പോരുന്ന പള്ളിക്കും മദ്‌റസക്കുമെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടാന്‍ മാത്രം അസഹിഷ്ണുക്കളാക്കി അവരെ മാറ്റാന്‍ മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ രംഗത്തെത്തുന്ന വിരോധാഭാസത്തെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മതേതര ചരിത്രം എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ബാബരി പള്ളിയുടെ തകര്‍ച്ചയോടെ ശക്തിപ്പെട്ട സംഘ്പരിവാരത്തോടുള്ള മുസ്‌ലിംകളുടെ എതിര്‍പ്പും രാഷ്ട്രീയമായ വിലക്കുകളും ഒറ്റപ്പെടുത്തലും ഓണപ്പറമ്പിലെ പള്ളി തകര്‍ത്ത, സമുദായത്തിനകത്തെ കര്‍സേവകര്‍ക്ക് കൂടി ബാധകമാകുമോ? അതോ മുസ്‌ലിം കര്‍സേവകളെ ഗ്യാലറിയിലിരുന്ന് പ്രോത്സാഹിപ്പിച്ചും കാണാതെ കണ്ണടച്ചിരുട്ടാക്കിയും മുസ്‌ലിം സംഘടനകളും അവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകളെയും അവരുടെ അഭിമാനത്തിന്റെ ചിഹ്നങ്ങളായ പള്ളികളെയും കടന്നാക്രമിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും സംഘ്പരിവാര്‍ കര്‍സേവകര്‍ക്ക് ഓശാരം നല്‍കി മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുമോ?
ഓണപ്പറമ്പിലെ ആരാധനാലയത്തിനും മതപഠന കേന്ദ്രത്തിനുമെതിരെ നടന്ന അതിക്രമങ്ങള്‍ ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അതില്‍ പ്രധാനം, ഈ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുസ്‌ലിം സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകരാണ് എന്നത് തന്നെ. തീവ്ര വലതുപക്ഷ ഹൈന്ദവ സംഘടനകളുടെ മേല്‍ കാലങ്ങളോളമായി മുസ്‌ലിംകള്‍ ആരോപിക്കുകയും അവരെ വിചാരണ ചെയ്യുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ സമുദായത്തിനകത്ത് നിന്നു തന്നെ ഉണ്ടാകുമ്പോള്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയ പരിസരത്തില്‍ മുസ്‌ലിം സംഘടനകളുന്നയിക്കുന്ന ന്യൂനനപക്ഷ രാഷ്ട്രീയത്തിന് നിലവിലുണ്ടായിരുന്ന ധാര്‍മികമായ മേല്‍ക്കൈ കൂടിയാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ, കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളിലും അസഹിഷ്ണുതയിലേക്കും അതിക്രമങ്ങളിലേക്കും എളുപ്പത്തില്‍ വഴുതി വീഴുന്ന വിയോജിപ്പുകളിലും മാത്രമായി ഓണപ്പറമ്പിലെ അതിക്രമങ്ങളെ ചുരുക്കിക്കാണാന്‍ ആകില്ല. മുസ്‌ലിംകള്‍ വിശ്വാസപരമായും രാഷ്ട്രീയപരമായും തെറ്റാണെന്ന് വിശ്വസിച്ചുപോരുന്ന പ്രവര്‍ത്തന രീതികള്‍ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പിന്തുടരുമ്പോള്‍ വിശ്വാസപരമായി മാത്രമല്ല അത് തെറ്റായിത്തീരുന്നത്. മുസ്‌ലിം രാഷ്ട്രീയമായി പിന്തുടര്‍ന്നുപോന്നിരുന്ന രീതിശാസ്ത്രം തന്നെ അതുവഴി ദുര്‍ബലപ്പെടുകയാണ്.
ഓണപ്പറമ്പിലെ അക്രമങ്ങളെ ചെറുതായി കാണാന്‍ ശ്രമിക്കുന്നവരും അതിനെ മറച്ചുപിടിച്ചും വളച്ചൊടിച്ചും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരും അടിസ്ഥാനപരമായി പിന്തുടരുന്നത് അയോധ്യയിലെ കര്‍സേവകരുടെ പ്രത്യയശാസ്ത്രത്തെയും രീതിശാസ്ത്രങ്ങളെയുമാണ്. പള്ളികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ, അത് മുസ്‌ലിംകള്‍ക്കിടയിലെ ഏത് വിശ്വാസധാരയെ പിന്തുടരുന്നവരുടെതായാല്‍ പോലും മുസ്‌ലിംകള്‍ ഒരുമയോടെയും ഒറ്റക്കെട്ടായും നേരിടാറുണ്ട്. ബാബരി പള്ളി സുന്നികളുടെതാണ് എന്ന് ന്യായം പറഞ്ഞ് മാറി നില്‍ക്കുകയോ അത് തകര്‍ന്നപ്പോള്‍ ആനന്ദം കണ്ടെത്തുകയോ ആയിരുന്നില്ലല്ലോ മറ്റുള്ളവര്‍. അതേസമയം, എന്തുകൊണ്ടാണ് ഓണപ്പറമ്പില്‍ എത്തുമ്പോഴേക്കും പള്ളിയുടെ നിറവും മണവും രുചിയും നോക്കി, അതിന്റെ ഉദ്ഘാടകന്‍ ആരെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏതെന്നും നോക്കി പള്ളിക്കെതിരെയുള്ള അതിക്രമം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതും അതിനെതിരെ ആര്‍ജവമുള്ള നിലപാടെടുക്കാന്‍ കഴിയാതെ പോകുന്നതും സാമുദായിക രാഷ്ട്രീയത്തിലും സാമൂദായിക ബോധത്തിലും വന്നുകഴിഞ്ഞ അവസരവാദപരമായ നിലപാടുകളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
മുസ്‌ലിംകള്‍ പവിത്രം എന്നു കരുതിപ്പോരുന്ന ആരാധനാ കേന്ദ്രങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കുമെതിരെ സമുദായത്തിനു പുറത്തുനിന്നും അതിക്രമങ്ങളുണ്ടാകുമ്പോള്‍ അതിനെ സാമുദായിക രാഷ്ട്രീയ ഭൂമിക വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഉപാധിയാക്കി മാറ്റാന്‍ മുസ്‌ലിം മത രാഷ്ട്രീയ സംഘടനകളും പ്രസിദ്ധീകരണങ്ങളും ശ്രമിക്കാറുണ്ട്. 92ന് ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായി ബാബരി മസ്ജിദ് മാറിയതിന്റെ പശ്ചാത്തലവും ഇത് തന്നെയാണ്. സംഘ്പരിവാര്‍ പൊളിക്കുമ്പോള്‍ മാത്രമല്ല, പള്ളിയുടെ താഴികക്കുടങ്ങള്‍ തകരുന്നതും മതേതരത്വ രാഷ്ട്രീയം ദുര്‍ബലപ്പെടുന്നതും. ആരാധനാലയങ്ങള്‍ മുസ്‌ലിംകള്‍ തച്ചുടച്ചാലും ഇവയൊക്കെ സംഭവിക്കും എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഓണപ്പറമ്പില്‍ ഉണ്ടായത്. പക്ഷേ, പള്ളി പൊളിക്കുന്ന സംഘ്പരിവാറിനെതിരെയും പള്ളിക്കെതിരെ അക്രമം അഴിച്ചുവിടുന്ന മുസ്‌ലിം മത, സാമുദായിക സംഘടാനാ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യത്യസ്തവും വൈരുധ്യം നിറഞ്ഞതുമായ നിലപാടുകളാണ് പല മുസ്‌ലിം സംഘടനകളും സ്വീകരിക്കുന്നത് എന്നത് അത്ഭുതകരമായി തോന്നുന്നു.
ഈ നിലപാടിന്റെ മികച്ച ഉദാഹരണമാണ് ഓണപ്പറമ്പ് സംഭവത്തോട് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ മാധ്യമവും സ്വീകരിച്ച സമീപനം.
പള്ളി അക്രമിച്ചവരും പോലീസ് പിടി കൂടിയവരും ആരാണെന്നും അവരുടെ സംഘടനാപരമായ ബന്ധം എന്താണെന്നും വ്യക്തമായിട്ടും മാധ്യമത്തിന് മാത്രം പള്ളി ആക്രമിച്ചവര്‍ “ഒരു സംഘ”മായി തുടര്‍ന്നു. ഈ അജ്ഞത അത്ര നിഷ്‌കളങ്കളമായ അറിവില്ലായ്മ അല്ലാതായി മാറുന്നത് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമം കാണിച്ച ചില ജാഗ്രത കൊണ്ടാണ്. പള്ളി ഉദ്ഘാടനത്തിന് കാന്തപുരത്തെ കൊണ്ടുവരരുതെന്ന് ചിലര്‍ മദ്‌റസാ കമ്മിറ്റിക്കാരോട് പറഞ്ഞിരുന്നെന്നും അത് വിലവെക്കാതെ അങ്ങനെ ചെയ്തതാണ് ഈ അതിക്രമങ്ങള്‍ക്ക് കാരണം എന്നുമാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അപ്പോഴും ആക്രമിച്ചവര്‍ ആരെന്ന് പത്രത്തിനും ലേഖകനും വ്യക്തമല്ല. കാന്തപുരത്തെ വിലക്കിയത് ആരാണെന്ന് പോലും അവര്‍ക്ക് അറിയാതെ പോയി. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പാണ് പള്ളിയും മദ്‌റസയും ആക്രമിക്കപ്പെടുന്നത്. ഓണപ്പറമ്പില്‍ വരാന്‍ നിയമപരമായി യാതൊരു തടസ്സവുമില്ലാത്ത കാന്തപുരം, മദ്‌റസ ഉദ്ഘാടനത്തിന് വരുന്നതിനെ പള്ളിക്കും മദ്‌റസക്കും അവിടെ പ്രാര്‍ഥന നടത്താനുമെത്തിയ വിശ്വാസികള്‍ക്കുമെതിരായ അതിനിഷ്ഠുരമായ അതിക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കാനുള്ള കര്‍മമായി തീരുന്നത് ഏത് മാധ്യമ ധര്‍മവും വിശ്വാസരീതിയും അനുസരിച്ചാണ് ശരി വെക്കാനാകുക? സംഘ്പരിവാര്‍ നേതാക്കള്‍ക്ക് അയോധ്യയില്‍ വിലക്കേര്‍പ്പെടുത്തിയതു കൊണ്ടാണ് കര്‍സേവകര്‍ അക്രമാസക്തരായതെന്നും ബാബരി പള്ളി പൊളിക്കുന്നതില്‍ പര്യവസാനിക്കും വിധത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായതെന്നും പറഞ്ഞ് ആര്‍ എസ് എസ് ഡിസംബര്‍ ആറിനെ ന്യായീകരിച്ചാല്‍ അതില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാണ് മാധ്യമത്തിന്റെ മേല്‍ നിലപാട്?
മുസ്‌ലിംകളല്ലാത്ത പള്ളിപൊളിയന്മാരെ തുറന്നെഴുതാനും വെളിച്ചത്തു കൊണ്ടുവരാനും കാണിക്കുന്ന ജാഗ്രത മുസ്‌ലിംകളായ പള്ളിപൊളിയന്മാരുടെ കാര്യത്തില്‍ കാണിക്കാതിരിക്കുന്നത് അക്രമികളുടെ രാഷ്ട്രീയ സ്വഭാവം അനുസരിച്ചാണ് അക്രമത്തിന്റെ ശരിതെറ്റുകളെ കാണേണ്ടത് എന്നതുകൊണ്ടാണോ? മതത്തിനകത്തെയും പുറത്തെയും കര്‍സേവകര്‍ എങ്ങനെയാണ്, എന്തുകൊണ്ടൊക്കെയാണ് വ്യത്യസ്തരായിരിക്കുന്നത്?
പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ അഞ്ചാം പീടികയില്‍ മുഹമ്മദ് മുസ്‌ലിയാരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന സകരിയ്യയേയും നിഷ്ഠുരമായി ആക്രമിക്കുമ്പോള്‍, ഏത് മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തെയാണ് ഈ സാമുദായിക സംഘടന സംഘ്പരിവാരത്തില്‍ നിന്ന് കടമെടുത്തത്? പള്ളി മദ്‌റസാ കെട്ടടത്തില്‍ പുതുതായി പാകിയ ടൈല്‍സ് കുത്തിപ്പൊളിക്കുമ്പോള്‍ ഏത് തൃശൂലമാണ് ഉപയോഗിച്ചത്?
മദ്‌റസകളും പള്ളികളും പരിപാലിക്കുന്ന, മത പണ്ഡിതന്മാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചേളാരി വിഭാഗക്കാര്‍ക്ക് ഈ അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകും? പള്ളികളെയും പാഠശാലകളെയും ബഹുമാനിക്കണമെന്ന് മദ്‌റസകളില്‍ പഠിപ്പിക്കുന്നവര്‍ തന്നെ, പാതിരാത്രി പള്ളിയും മദ്‌റസും പൊളിക്കാന്‍ പുറപ്പെടുന്നത് വിശ്വാസപരമായും സംഘടനാപരമായും ഈ വിഭാഗം എത്തിപ്പെട്ടിരിക്കുന്ന ആഴമേറിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന മതപണ്ഡതനോടും അദ്ദേഹവും സുന്നീ സംഘടനകളും നടത്തുന്ന മത, വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളോടും അതിന് മതത്തിനകത്തും പുറത്തും കിട്ടുന്ന പ്രചാരത്തോടും സ്വീകര്യതയോടും അക്രമാസക്തമായ അസഹിഷ്ണുത, പ്രാഥമികമായ മതതത്വങ്ങളെപ്പോലും വലിച്ചെറിയാനും മത പണ്ഡിതന്മാരും മതകീയ പ്രവര്‍ത്തകരും പുലര്‍ത്തേണ്ട സാമൂഹിക മര്യാദകളെ തെരുവില്‍ ബലി കഴിക്കാനും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടസ്സമാകുന്നില്ലെങ്കില്‍ അവര്‍ മതത്തിന്റെ ലേബല്‍ അഴിച്ചുവെക്കുന്നതാണ് നല്ലത്. സ്വന്തം ഉത്തരവാദിത്വം മറന്ന് പ്രവര്‍ത്തിക്കുന്ന മത പണ്ഡിതന്മര്‍ സമുദായത്തിനും സമൂഹത്തിനും ഭാരവും ശാപവുമായിത്തീരുമെന്നതാണ് മുസ്‌ലിംകളുടെ ചരിത്ര അനുഭവം.
ഓണപ്പറമ്പിലേത് ഒരു പള്ളിയുടെയോ മദ്‌റസയുടെയോ തകര്‍ച്ചയല്ല. അവിടെ കേടുപാട് പറ്റിയത് സകരിയ്യയുടെ ശരീരത്തിനോ റാശിദ് നരിക്കോടിന്റെ വാഹനത്തിനോ മാത്രമല്ല, സമുദായത്തിന്റെ ആത്മാഭിമാനത്തിനും രചനാത്മകമായ രാഷ്ട്രീയ ജാഗ്രതക്കും കൂടിയാണ്. സംഘടനാപരമായ അവസരവാദ സമീപനങ്ങള്‍ക്ക് വേണ്ടി സമുദായത്തെയും അതിന്റെ അഭിമാന ചിഹ്നങ്ങളായ മതസ്ഥാപനങ്ങളെയും ബലി കഴിക്കണമോ എന്നു തീരുമാനിക്കേണ്ടത് മുസ്‌ലിംകള്‍ തന്നെയാണ്. അതിന് മുസ്‌ലിം സംഘടനകള്‍ തയ്യാറാണോ എന്നാണ് ഓണപ്പറമ്പിലെ കര്‍സേവ സമുദായത്തോട് ചോദിക്കുന്നത്.
സമുദായത്തിന്റെ ഭാവിയില്‍ താത്പര്യമുള്ളവര്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും. അല്ലാത്തവര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അടുത്ത പള്ളിയുടെയോ മദ്‌റസയുടെയോ പാതയോരത്ത് കല്ലിന്‍ ചീളുകളും സോഡക്കുപ്പികളും എടുത്ത് കാത്തിരിക്കും. തൃശൂലമായിരുന്നു അവരുടെ ആത്യന്തിക ആയുധമെന്ന് വരും തലമുറ എളുപ്പത്തില്‍ കണ്ടെത്തുകയും ചെയ്യും.

 

 

Latest