ഭക്ഷ്യ സുരക്ഷക്ക് കടമ്പകളേറെ

Posted on: August 28, 2013 6:00 am | Last updated: August 27, 2013 at 11:40 pm
SHARE

SIRAJ.......സ്വപ്‌ന പദ്ധതിയെന്ന് യു പി എ സര്‍ക്കാര്‍ അവ കാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. 147നെതിരെ 239 വോട്ടിന് പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. ഗ്രാമീണ മേഖലയിലെ 75 ശതമാനം പേര്‍ക്കും നഗര മേഖലയിലെ 50 ശതമാനത്തിനും സബ്‌സിഡി നിരക്കില്‍ പ്രതിമാസം ഒരാള്‍ക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യം വ്യവസ്ഥ ചെയ്യുന്ന നിയമം രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് ദാരിദ്ര്യവും പോഷകാഹാരക്കുറവും തുടച്ചു നീക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കേവല രാഷ്ട്രീയ താത്പര്യമാണിതിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രൂപയുടെ വില കുത്തനെ ഇടിയുക മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കെ വിശദമായ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചു ബില്‍ പൊടുന്നനെ പാസാക്കുന്നത് ആസന്നമായ ലോക സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് സുരക്ഷ ഉറപ്പാക്കാനാണെന്നാണ് അവരുടെ വിലയിരുത്തല്‍.
ജനസംഖ്യയിലെ 67 ശതമാനത്തിന് മൂന്ന് രൂപ നിരക്കില്‍ അരി, രണ്ട് രൂപ നിരക്കില്‍ ഗോതമ്പ്, ഒരു രൂപ നിരക്കല്‍ പയര്‍ ധാന്യങ്ങള്‍ എന്നത് കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും പദ്ധതി പ്രായോഗികമാക്കണമെങ്കില്‍ സര്‍ക്കാറിന്റെ മുമ്പില്‍ കടമ്പകളേറെയുണ്ട്. പദ്ധതിക്കായി രാജ്യം വന്‍തോതില്‍ ഭക്ഷ്യധാന്യ ഉത്പാദനം നടത്തേണ്ടതുണ്ട്. പദ്ധതിയുടെ ആദ്യപാദത്തില്‍ വിതരണത്തിന് 68.76 ദശലക്ഷം ടണ്ണും അവസാന പാദത്തില്‍ 73.98 ദശലക്ഷം ടണ്ണും ധാന്യം കണ്ടെത്തേണ്ടി വരുമെന്നാണ് കണക്ക്. ഇത് കര്‍ഷകരില്‍ നിന്ന് ശേഖരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബേങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും കര്‍ഷകരെ സഹായിക്കണമെന്ന് കൃഷി മന്ത്രി അഭ്യര്‍ഥിക്കുകയുമുണ്ടായി. ഈ ധനകാര്യ സ്ഥാപനങ്ങള്‍ അതംഗീകരിച്ചില്ലെങ്കില്‍ പദ്ധതിക്കായി ഭക്ഷ്യധാന്യം സര്‍ക്കാര്‍ തന്നെ ഉത്പാദിക്കുകയോ, കൂടിയ വിലക്ക് ഇറക്കുമതി നടത്തുകയോ വേണ്ടി വരും. രാജ്യത്തെ ഭക്ഷ്യധാന്യത്തിന്റെ ആഭ്യന്തര വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര കുത്തകകള്‍ക്ക് അവസരം നല്‍കുകയായിരിക്കും ഇറക്കുമതിയുടെ ഫലം.
സംഭരിച്ച വിളകള്‍ കേട് കൂടാതെ സൂക്ഷിക്കുകയാണ് മറ്റൊരു പ്രശ്‌നം. നിലവിലെ പൊതുവിതരണത്തിനാവശ്യമായ ധാന്യങ്ങള്‍ തന്നെ സംഭരിക്കാനുള്ള ശേഷി ഇന്ത്യയിലില്ല. ഇതുകാരണം രാജ്യത്ത് ഓരോ വര്‍ഷവും 44,000 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിച്ചു കൊണ്ടിരിക്കയാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ ഈയിടെ പാര്‍ലിമെന്റിനെ അറിയിച്ചത്. 61.3 ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനാവശ്യമായ സംവിധാനങ്ങള്‍ ആവശ്യമുള്ളിടത്ത് 29 ദശലക്ഷം ടണ്‍ സൂക്ഷിക്കാനുള്ള സൗകര്യമേ നിലവിലുള്ളൂവെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാകുന്നതോടെ സംഭരണ ലക്ഷ്യം ഇരട്ടിയിലേറെയായി വര്‍ധിക്കുകയും ചെയ്യും.
പദ്ധതി നടപ്പാക്കേണ്ടതിനാവശ്യമായ സാമ്പത്തിക ബാധ്യതയാണ് മറ്റൊരു വിഷയം. പദ്ധതിക്ക് ആദ്യ വര്‍ഷം 1.32 ലക്ഷം കോടി വേണ്ടി വരുമെന്നാണ് ഭക്ഷ്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. രൂപയുടെ വിലയിടിവില്‍ രാജ്യത്തിന്റെ സമ്പദ് ഘടന കനത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇത്രയും തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല സബ്‌സിഡികള്‍ ഇനിയും വെട്ടിക്കുറക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കയുമാണ്. പൊതുവിതരണ സംവിധാനം, ഉച്ചക്കഞ്ഞി വിതരണം, കുട്ടികളുടെ സമഗ്ര വികസന പദ്ധതി തുടങ്ങി സര്‍ക്കാര്‍ നടപ്പാക്കിയ മറ്റു പദ്ധതി കളെപ്പോലെ അത്ര എളുപ്പത്തില്‍ നടപ്പാക്കാകുന്നതല്ല ഭക്ഷ്യസുരക്ഷാ പദ്ധതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബില്‍ പാര്‍ലമെന്റില്‍ ചുട്ടെടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചിന്തിച്ചിരുന്നോ ആവോ?
നിലവില്‍ കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍ ആശങ്കയിലാണ്. ഈ സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് മന്ത്രി കെ വി തോമസ് അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷം ലഭിച്ച കേന്ദ്രവിഹിതത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയാണ് കേരള വിഹിതം നിശ്ചയിച്ചതെന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ ഗണ്യമായി അത് കുറയും. മാത്രമല്ല, കേരള ജനതയില്‍ 54 ശതമാനവും പദ്ധതിക്ക് പുറത്തുമാണ്. ഇത് പരിഹരിക്കാന്‍ കേരളം കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.