161 എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് അംഗീകാരം

Posted on: August 28, 2013 7:00 am | Last updated: August 28, 2013 at 9:33 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ 161 എയ്ഡഡ് കോളജുകളില്‍ ഓരോ പുതിയ കോഴ്‌സുകള്‍ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളജുകളുടെ അപേക്ഷകള്‍ പരിഗണിച്ച സര്‍വകലാശാലകള്‍ ശിപാര്‍ശ ചെയ്ത എയ്ഡഡ് കോളജുകളിലാണ് പുതിയ കോഴ്‌സുകള്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴ്‌സുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ ആരംഭിക്കാന്‍ സാധിക്കും. ഇതിന് പുറമെ മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലെയും കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെയും കോളജുകള്‍ക്ക് ഓരോ കോഴ്‌സ് കൂടി അധികമായി അനുവദിക്കും. കോളജുകളുടെ അപേക്ഷയുടെയും സര്‍വകലാശാലകള്‍ ശിപാര്‍ശ ചെയ്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ കോളജുകള്‍ക്ക് രണ്ട് പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത്. മതിയായ സീറ്റില്ലാത്തതിനാല്‍ ഈ ജില്ലകളില്‍ ബിരുദ പ്രവേശനത്തിന് നിരവധി പേര്‍ ഇപ്പോഴും കാത്തിരിക്കുന്നതായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്ലസ്ടു കഴിഞ്ഞ് ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും കോഴ്‌സുകളുടെ സീറ്റും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഇത്തരത്തില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ എണ്‍പത് കോളജുകള്‍ക്കു കൂടിയായിരിക്കും രണ്ടാമതൊരു കോഴ്‌സുകൂടി അധികമായി അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് കോളജുകളിലെ അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ എയ്ഡഡാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കോളജുകള്‍ നല്‍കിയ അപേക്ഷകള്‍ മന്ത്രിസഭാ യോഗം തള്ളി. പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിലൂടെ പ്രതിവര്‍ഷം 65 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയിലെ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിച്ചിരുന്നു. അന്നുതന്നെ അടുത്ത വര്‍ഷം എയ്ഡഡ് കോളജുകള്‍ക്ക് കോഴ്‌സ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ തവണ സര്‍ക്കാര്‍ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചതിന്റെ ഭാഗമായി 27 തസ്തികള്‍ കൂടി അനുവദിച്ചു. ഇക്‌ണോമിക്‌സ് വിഭാഗത്തില്‍ പത്തും കോമേഴ്‌സ് വിഭാഗത്തില്‍ 17ഉം തസ്തികകളാണ് അനുവദിച്ചത്. അട്ടപ്പാടിക്ക് മാത്രമായി പ്രത്യേക എക്‌സൈസ് സ്‌ക്വാഡിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിലേക്കായി പതിനഞ്ച് തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.