കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: അന്വേഷിക്കാതെ കേസെടുക്കരുതെന്ന് ഹൈക്കോടതി

Posted on: August 28, 2013 6:00 am | Last updated: August 27, 2013 at 11:36 pm
SHARE

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം നടപ്പാക്കുന്നത് ഞെട്ടിപ്പിക്കുന്ന തരത്തിലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നവരുടെ ജീവിതം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും ജസ്റ്റിസ് പി ഭവദാസന്‍ വിലയിരുത്തി. നിലവില്‍ ശിശുക്ഷേമ പ്രവര്‍ത്തകരുടെയും ശിശുക്ഷേമ സമിതികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതികളില്‍ യാന്ത്രികമായി കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയുമാണ് പോലീസിന്റെ നടപടി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ കേസെടുക്കേണ്ടത് ഏതു തരത്തില്‍ ആകണമെന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ശിശുക്ഷേമ സമിതികളുടെ മാത്രം പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് അപര്യാപ്തമാണ്. കേസെടുക്കുന്നതിന് പ്രത്യേക സംവിധാനമോ പ്രാഥമിക അന്വേഷണമോ നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പറവൂര്‍ ചേന്ദമംഗലത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബേബിക്ക് ജാമ്യം അനുവദിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ രണ്ട് ഡോക്ടര്‍മാര്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇത്തരം കേസുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണെന്നും ആരും സുരക്ഷിതരല്ലെന്നും ആരെയും കേസുകളില്‍ പ്രതിചേര്‍ക്കാമെന്ന സ്ഥിതിയാണെന്നും കോടതി നിരീക്ഷിച്ചു.