ജോലിക്കിടെ വിരലുകള്‍ മുറിഞ്ഞ തൊഴിലാളിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം

Posted on: August 27, 2013 6:00 am | Last updated: August 27, 2013 at 6:29 pm
SHARE

അബുദാബി: ജോലിക്കിടെ അപകടത്തില്‍പ്പെട്ട് വലതുകൈയിലെ മൂന്ന് വിരലുകള്‍ മുറിഞ്ഞ തൊഴിലാളിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് കോടതി.
കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിനായി തൊഴിലാളി അബുദാബി പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ ഡ്രൈനേജു ജോലികള്‍ ചെയ്യുന്നതിനിടെ, ഡ്രൈനേജ് ഹോളിന്റെ ഇരുമ്പ് മൂടിക്കിടയില്‍ കുടുങ്ങിയാണ് തൊഴിലാളിയുടെ കൈവിരലുകള്‍ അറ്റുപോയത്.
പരാതിക്കാന്‍ ജോലി ചെയ്തിരുന്ന കോണ്‍ട്രാക്ടിംഗ് കമ്പനി, തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളും സാഹചര്യങ്ങളും ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് കോടതി വിധി. കൈവിരല്‍ അറ്റുപോയതോടെ ജോലിക്ഷമത കുറഞ്ഞെന്ന് തൊഴിലാളി പരാതിയില്‍ പറഞ്ഞു. ഇതനുസരിച്ച് പഠനം നടത്തിയ കോടതി അപകടം മൂലം ഇയാളുടെ കൈവിരലുകള്‍ക്ക് എട്ട് ശതമാനവും കൈപ്പത്തിക്ക് നാല് ശതമാനവും ബലക്ഷയം സംഭവിച്ചതായി കണ്ടെത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ബലക്ഷയത്തിന് 21,000 ദിര്‍ഹം മാത്രമേ കമ്പനി നല്‍കേണ്ടതുള്ളൂവെന്നും കോടതി വിധിച്ചതില്‍ ബാക്കിയുള്ള സംഖ്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നല്‍കേണ്ടതെന്നും കോണ്‍ട്രാക്ടിംഗ് കമ്പനി അധികൃതര്‍ വിധിയെ പരാമര്‍ശിച്ചുകൊണ്ട് കോടതിയെ ബോധിപ്പിച്ചു.
വിധിക്കെതിരെ കമ്പനി അധികൃതര്‍ പ്രാഥമിക കോടതിയില്‍ അപ്പീല്‍ കൊടുത്തിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ കമ്പനി ഉറപ്പുവരുത്താത്തതിനാല്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിന് ഈ സാമ്പത്തിക ബാധ്യത ബാധകമല്ലെന്ന് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരും കോടതിയെ ബോധിപ്പിച്ചു.