Connect with us

Gulf

അഞ്ച് ഡോക്ടര്‍മാരുടെ ലൈസന്‍സ് ആരോഗ്യ വകുപ്പ് പിന്‍വലിച്ചു

Published

|

Last Updated

ദുബൈ: ചികിത്സക്കിടെ പിഴവ് വരുത്തി രോഗികള്‍ക്ക് അനാരോഗ്യത്തിനും അവശതക്കും കാരണക്കാരായ അഞ്ച് ഡോക്ടര്‍മാരുടെ ലൈസന്‍സ് ആരോഗ്യ വകുപ്പ് കണ്ടുകെട്ടി.

ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്നതിനു വിലക്കുണ്ടാകും. ഇതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ടു പേരുടെ ലൈസന്‍സ് അന്തിമമായാണ് കണ്ടുകെട്ടിയത്.
ഇവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് മേലില്‍ യു എ ഇയിലോ മറ്റു ജി സി സി രാജ്യങ്ങളിലോ ആതുരസേവനം നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മറ്റു മൂന്നു പേരുടെ പിഴവ് ഗുരുതരമല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് തിരികെ നല്‍കും. ആരോഗ്യ സേവന രംഗത്ത് അവര്‍ക്ക് തുടരാമെങ്കിലും കര്‍ശന നിരീക്ഷണമുണ്ടാകും.
രോഗികളുടെ പ്രായവും തരവും ആരോഗ്യസ്ഥിതിയും നോക്കാതെ ചികിത്സിച്ചതു കാരണം അസുഖം മൂര്‍ച്ഛിക്കുകയും അവശതയനുഭവിക്കേണ്ടിവരുകയും ചെയ്തതിനാണ് കരിമ്പട്ടികയില്‍ ഉള്‍പ്പടുത്തിയതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
വകുപ്പിന് കീഴിലുള്ള വിദഗ്ധരായ ഡോക്ടര്‍മാരും നിയമവിദഗ്ധരും അടങ്ങിയ മെഡിക്കല്‍-ലീഗല്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് അഞ്ച് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

Latest