മഅദനിയുടെ ജാമ്യാപേക്ഷ അഞ്ചാംതവണയും കോടതി തള്ളി

Posted on: August 27, 2013 11:19 am | Last updated: August 27, 2013 at 2:29 pm
SHARE

Abdul_Nasar_Madani

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. കേസ് ഗൗരവത്തിലുള്ളതാണെന്നും മഅദനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഅദനിക്ക് ജാമ്യം അനുവദിക്കാന്‍ അധികാരമില്ലെന്നും കോടതി അറിയിച്ചു. ഇത് അഞ്ചാംതവണയാണ് മഅദനിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.

ഇതിന് മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്നും മഅദനി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലില്‍ നിന്ന് ലഭ്യമാകുന്ന ചികിത്സക്കുള്ള രോഗം മാത്രമാണ് മഅദനിക്കുള്ളത് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നലെ കേസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ മഅദനിക്ക് അനാരോഗ്യമുണ്ടെന്ന് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയുടെ ആവശ്യമില്ലെന്നും ജയിലില്‍ മഅദനി ചികിത്സക്ക് സഹകരിക്കുന്നില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്നും അതേ നിലപാട് തന്നെയാണ് പ്രൊസിക്യൂഷന്‍ സ്വീകരിച്ചത്. കൂടാതെ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തീവ്രവാദിസംഘടനകളുമായി മഅദനിക്ക് ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.