സോളാര്‍ കേസ് തന്റെ പരിധിയില്‍ നിന്ന് മാറ്റണമെന്ന് എ സി ജെ എം

Posted on: August 27, 2013 10:21 am | Last updated: August 27, 2013 at 11:37 am
SHARE

biju and sarithaകൊച്ചി: സോളാര്‍ കേസ് തന്റെ പരിധിയില്‍ നിന്ന് മാറ്റണമെന്ന് എറണാകുളം അഡീഷണല്‍ സി ജെ എം ആവശ്യപ്പെട്ടു. ഈ കാര്യം ആവശ്യപ്പെട്ട് അഡീഷണണ്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജു സി ജെ എമ്മിന് അപേക്ഷ നല്‍കി. കേസില്‍ വാദം കേള്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന അഡീഷണല്‍ സി ജെ എമ്മിന്റെ നടപടി വിവാദമായിരുന്നു. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സരിത പറഞ്ഞിട്ടും അതെഴുതിയെടുക്കാന്‍ മജിസട്രേറ്റ് തയ്യാറാവാതിരുന്നതാണ് മജിസട്രേറ്റിനെതിരെ പരാതിയുയരാന്‍ കാരണമായത്. ബി ജെ പി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതിനിടെ, സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷിയായ ക്ലാര്‍ക്കിനെ സ്ഥലം മാറ്റി. പള്ളുരുത്തി സ്വദേശിനിയായ റസിമോളെയാണ് കോതമംഗലം കോടതിയിലേക്ക് സ്ഥലം മാറ്റിയത്. മറ്റൊരു കേസില്‍ അഭിഭാഷകന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സ്ഥലംമാറ്റം.