Connect with us

Malappuram

വേങ്ങര പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ വിഭാഗീയത രൂക്ഷം

Published

|

Last Updated

വേങ്ങര: പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ കടുത്ത വിഭാഗീയത. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസലിനെ താത്കാലികമായ ആറ് മാസം കൂടി തുടരാന്‍ ധാരണ. കഴിഞ്ഞ ദിവസം രാത്രി പഞ്ചായത്ത് ലീഗ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് കെ പി ഹസീനഫസല്‍ രാജിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും വിവിധ ആവശ്യമുന്നയിച്ച് പ്രസിഡന്റ് ഒഴികെ പതിനാല് അംഗങ്ങളും ഒപ്പിട്ട് പഞ്ചായത്ത് നേതൃത്വത്തിന് നല്‍കുകയും ചെയ്തിരുന്നു. ഇതുപ്രകാരമാണ് പഞ്ചായത്ത് ലീഗ് നേതൃത്വം യോഗം ചേര്‍ന്നത്. യോഗത്തിലേക്ക് വാര്‍ഡ് അംഗങ്ങളെ ക്ഷണിച്ചിരുന്നില്ല. വര്‍ക്കിംഗ് ഗ്രൂപ്പിലെ വാര്‍ഡ് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്.
ഇരുവിഭാഗം പ്രതിനിധികളും പ്രസിഡന്റ് മാറണമെന്ന ആവശ്യമുന്നയിച്ചെങ്കിലും പകരക്കാരനെ കണ്ടെത്താനായില്ല. മുതിര്‍ന്ന അംഗം പി ഖദീജാബിയെ പ്രസിഡന്റാക്കണമെന്ന് ഒരു പക്ഷവും 19-ാംവാര്‍ഡ് അംഗം പി അസ്മയെ പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ ധാരണയിലൂടെ കണ്ടെത്തുംവരെ നിലവിലെ പ്രസിഡന്റ് കെ പി ഹസീനഫസല്‍തന്നെ തുടരണമെന്നും ആറുമാസത്തെക്ക് പ്രസിഡന്റിനോട് തുടരാനും ധാരണയായി. ശക്തമായ ഗ്രൂപ്പ് വഴക്കാണ് രാജിതാല്‍പര്യത്തിനും പ്രസിഡന്റ് മാറ്റത്തിനും ഇടയാക്കിയിരിക്കുന്നത്.

Latest