Connect with us

Malappuram

എടപ്പാള്‍ ജംഗ്ഷനിലെ വഴിയോര കച്ചവടങ്ങള്‍ നീക്കും

Published

|

Last Updated

എടപ്പാള്‍: എടപ്പാള്‍ ജംഗ്ഷനിലെ ഗതാഗതക്കുരിന് പരിഹാരം കാണുന്നതിന് വഴിയോര കച്ചവടങ്ങള്‍ എടുത്തു മാറ്റാന്‍ തീരുമാനം. ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി എടപ്പാളിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികള്‍, പൊലീസ് അധികാരികള്‍, വ്യാപാരി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പൊന്നാനി റോഡില്‍ അംശകച്ചേരി മുതല്‍ പട്ടാമ്പി റോഡിലെ എടപ്പാള്‍ ആശുപത്രി വരെയുള്ള റോഡിന്റെ ഓരങ്ങളില്‍ തെരുവ് കച്ചവടങ്ങള്‍, മത്സ്യവില്‍പ്പന എന്നിവ നിറുത്തലാക്കാന്‍ തീരുമാനിച്ചു. ജംഗ്ഷനിലെ നാല് റോഡുകളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നോ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ചെറുബസുകളും സമയക്രമീകരണം പാലിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജംഗ്ഷനിലെ നാല് റോഡുകളും ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കും.
കോഴിക്കോട് റോഡില്‍ സ്വകാര്യ ബസുകള്‍ ആലുക്കാസ് ജുവല്ലറിക്ക് മുന്‍വശത്തേക്ക് കയറ്റിനിറുത്തി ആളെ ഇറക്കണം. തൃശൂര്‍ റോഡില്‍ ലാമിയ സില്‍ക്കിന് മുന്നിലേക്ക് ബസുകള്‍ കയറ്റി നിറുത്തണം. പട്ടാമ്പി റോഡില്‍ ആളൂര്‍ ജുവല്ലറിക്ക് സമീപത്ത് കയറ്റിനിറുത്തുക, പൊന്നാനി റോഡില്‍ ബസ്റ്റോപ്പിന് സമീപത്തേക്ക് ബസുകള്‍ കയറ്റി നിറുത്തണം. സ്വകാര്യ ബസുകള്‍ക്ക് പിന്നാലെ ഓട്ടോറിക്ഷകള്‍ വന്ന് ആളെ കയറ്റുന്നത് നിറുത്തണം. നേരത്തെ തീരുമാനിച്ച ട്രാഫിക് പരിഷ്‌കാരങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.
ജംഗ്ഷനിലെ ഡിവൈഡറിന്റെ വീതി കുറക്കുക, ബസുകള്‍ സമയക്രമം പാലിച്ച് കൃത്യസ്ഥലത്ത് നിറുത്തുക തുടങ്ങിയവയാണ് നേരത്തെ എടുത്ത തീരമാനങ്ങള്‍. അഞ്ച് മാസമായി ഇരുട്ടില്‍ കിടക്കുന്ന ജംഗ്ഷനിലെ ഹൈമാക്‌സ് ലൈറ്റ് എത്രയും വോഗത്തില്‍ നന്നാക്കിയെടുക്കാന്‍ എടപ്പാള്‍- വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നീര്‍ദേശം നല്‍കി. ജംഗ്ഷനിലെ നാല് റോഡുകളിലെ തെരുവ് വിളക്കുക്കള്‍ പ്രകാശിപ്പിക്കാനും നിര്‍ദേശം നല്‍കി. പൊന്നാനി താലൂക്കില്‍ റിട്ടേ. ഉദ്യോഗസ്ഥരുടെ കുറവിനെ തുടര്‍ന്ന് ജംഗ്ഷനില്‍ ഹോം ഗാര്‍ഡിന്റെ എണ്ണം കൂട്ടണമെന്ന യോഗത്തിലെ നിര്‍ദേശം നടപ്പായില്ല.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി സി ഐ അബ്ദുള്‍ മുനീര്‍, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷീജ, എടപ്പാള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികെഎം ഷാഫി, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി റാബിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ബാലന്‍, സിഎസ് പ്രസന്ന, കെ ദേവിക്കുട്ടി, ബക്കര്‍, സൗധ, ഷിമ്മി പ്രകാശ്, ചങ്ങരംകുളം എസ്‌ഐ, ഹൈവേ എസ്‌ഐ സംസാരിച്ചു.

Latest