സയന്‍സ് എക്‌സ്പ്രസ് പ്രദര്‍ശനം ഇന്ന് സമാപിക്കും

Posted on: August 27, 2013 9:41 am | Last updated: August 27, 2013 at 9:41 am
SHARE

scienceexpress_048_largeകോഴിക്കോട്: പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ജൈവവൈവിധ്യത്തിന്റെ കൗതുകവും ശാസ്ത്രത്തിന്റെ പുത്തന്‍ അറിവുകളും പകര്‍ന്നുനല്‍കിയ ജൈവ വൈവിധ്യ ശാസ്ത്ര തീവണ്ടിയുടെ കോഴിക്കോട്ടെ പ്രദര്‍ശനത്തിന് ഇന്ന് സമാപനം. വൈകീട്ട് അഞ്ചരക്കാണ് സമാപന ചടങ്ങ്. രണ്ട് ദിവസം മുമ്പ് തുടങ്ങി പ്രദര്‍ശനം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികളും പൊതുജനങ്ങളുമെത്തിയിരുന്നു.
തുടര്‍ച്ചയായി ആറ് വര്‍ഷങ്ങളില്‍ നടന്നുവരുന്ന സയന്‍സ് എക്‌സ്പ്രസിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജനശ്രദ്ധ നേടാനായതായി സംഘാടകര്‍ പറഞ്ഞു. പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരം, ക്വിസ് മത്സരം, ശാസ്ത്രജ്ഞരെ തിരിച്ചറിയുന്നതിനുള്ള തത്സമയ മത്സരം, ശാസ്ത്ര മാജിക്, ചിത്ര പ്രദര്‍ശനം എന്നിവയിലൂടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെയും പ്രദര്‍ശനത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചു.
1400 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ തിരിച്ചറിയല്‍ മത്സരത്തില്‍ മഞ്ചേരി ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി വി എം നകുല്‍ മാധവന്‍ ഒന്നാം സ്ഥാനം നേടി. 286 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലെ തിരഞ്ഞെടുത്ത 151 ചിത്രങ്ങളുടെ പ്രദര്‍ശനം ജൈവ വൈവിധ്യത്തെ കുരുന്നുമനസ്സുകള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയായി മാറി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ശാസ്ത്ര സത്യങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുത്തു.
ഇന്ന് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here