പാളയം ബദര്‍ ജുമുഅ മസ്ജിദ് ഉദ്ഘാടനം ഇന്ന്

Posted on: August 27, 2013 9:38 am | Last updated: August 27, 2013 at 9:38 am
SHARE

കോഴിക്കോട്: നവീകരണം പൂര്‍ത്തിയായ പാളയം ബദര്‍ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. കാല്‍നൂറ്റാണ്ട് മുന്‍പ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുന്‍കൈയെടുത്താണ് പാളയം മാര്‍ക്കറ്റിന് സമീപം പള്ളി പണിതത്. പ്രാര്‍ഥനക്കെത്തുന്നവരുടെ ബാഹുല്യം കാരണം പള്ളി വിപുലീകരണം നടത്തുന്നതിന് പ്രദേശവാസികളും കച്ചവടക്കാരും കാന്തപുരത്തോട് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ പള്ളി നവീകരണത്തിന് അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. നവീകരണം പൂര്‍ത്തിയായ പള്ളിയില്‍ ഒരേസമയം ആയിരത്തിലധികം ആളുകള്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യമുണ്ടെന്ന് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി വി എം കോയ മാസ്റ്റര്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ആത്മീയ സദസ്സിന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും, എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് മുര്‍തള തങ്ങള്‍ തിരൂര്‍ക്കാട്, എന്‍ പി ഉമര്‍ ഹാജി, യു കെ മജീദ് മുസ്‌ലിയാര്‍, സിറ്റിയിലെ വിവിധ സുന്നി സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് മുല്ലകോയ തങ്ങള്‍, ബിച്ചു മാത്തോട്ടം, അക്ബര്‍ സാദിഖ് ബേസ്‌ലൈന്‍, പി ടി സി മുഹമ്മദലി മാസ്റ്റര്‍, ഫ്രണ്ട്‌സ് മമ്മു ഹാജി, ഗഫൂര്‍ ഹാജി, ബി പി സിദ്ദീഖ് ഹാജി, എം പി സകീര്‍ ഹുസൈന്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.