Connect with us

Kozhikode

'തെരുവ് വിളക്കി'ലുടക്കി നഗരസഭാ കൗണ്‍സില്‍ യോഗം

Published

|

Last Updated

വടകര: തെരുവ് വിളക്കുകള്‍ കത്താത്തതിനെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. തെരുവ് വിളക്കുകള്‍ കത്താത്തതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തെ പരിഹസിച്ച് സി പി എം അംഗം നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെ പ്രതിപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ നടത്തിയ സമരം അപഹാസ്യവും അല്‍പ്പത്തരവുമാണെന്നാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ച് സി പി എം അംഗം കാനപ്പള്ളി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളായ അഡ്വ. എം കെ സദാനന്ദനും പി രോഹിണിയും രംഗത്ത് വന്നു. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് സി പി എം അംഗം ശ്രമിക്കുന്നതെന്ന് അഡ്വ. സദാനന്ദന്‍ പറഞ്ഞു.
രണ്ട് ലക്ഷം രൂപ അധികം നല്‍കി 16,75,000 രൂപക്കാണ് നഗര പരിധിയിലെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതെന്നും നാല് ദിവസം കൊണ്ട് വിളക്കുകള്‍ സ്ഥാപിക്കാമെന്ന് കരാറുകാരന്‍ വാഗ്ദാനം നല്‍കിയെങ്കിലും 40 ദിവസം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും സദാനന്ദന്‍ പറഞ്ഞു. തെരുവ് വിളക്കുകള്‍ കത്തിക്കാത്തതിന്റെ പേരില്‍ താന്‍ മാനസിക പീഡനം അനുഭവിക്കുകയാണെന്ന് പി രോഹിണി പറഞ്ഞു.
അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കാത്തത് ഭരണ- പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. അനധികൃത കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ എന്താണ് വൈമുഖ്യം കാണിക്കുന്നതെന്ന് സി പി എമ്മിലെ കെ പി ബാലന്‍മാസ്റ്റര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായില്ല. കെട്ടിടത്തിന് താത്കാലിക നമ്പറിടാന്‍ മാറ്റിവെച്ചതാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വിശദീകരണം. എം ഇയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത് ആരാണെന്നും ആരുടെ താത്പര്യമാണിതെന്നും അംഗങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ചെയര്‍പേഴ്‌സന്റെ പ്രഖ്യാപനത്തോടെയാണ് രംഗം ശാന്തമായത്.
ചത്ത എരുമയെ അറുത്ത് വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഈ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് സി എച്ച് വിജയന്‍ ആവശ്യപ്പെട്ടു. കടയുടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഇതിന് മറുപടി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബാബുരാജ് അറിയിച്ചു.
വടകരക്ക് അനുവദിച്ച ആര്‍ട്ട് ഗ്യാലറി നഗരസഭ സ്ഥലം നല്‍കാത്തതിനെ ചൊല്ലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വ്യക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ യു ഡി എഫ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും അഡ്വ. ബിജോയ് ലാല്‍ പറഞ്ഞു. നഗരപരിധിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കയുണ്ടെന്നും മാലിന്യ പ്രശ്‌നമാണ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമെന്നും മുസ്‌ലിം ലീഗ് അംഗം പി അബ്ദുല്‍ കരീം പറഞ്ഞു.
മാലിന്യം സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ബാധ്യതയാണെന്നും കരീം വ്യക്തമാക്കി. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭ ഗൗരവമായി കാണണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും കരീം ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സന്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. നല്ലാടത്ത് രാഘവന്‍, ജസീല പി ടി കെ, ഇ അരവിന്ദാക്ഷന്‍, ദിനേഷ്‌കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.