Connect with us

Editorial

പിന്നെയും പൊതുജനത്തിന്റെ പിരടിക്കോ?

Published

|

Last Updated

കേരളത്തിന്റെ സമ്പദ് മേഖലയെക്കുറിച്ചു മന്ത്രിമാരായ ആര്യാടനും മാണിയും കൊമ്പു കോര്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും രാജ്യത്ത് ഏറ്റവുമധികം റവന്യൂ കമ്മിയുള്ള സംസ്ഥാനമായി കേരളം അധഃപതിച്ചിരിക്കയാണെന്നുമാണ് മന്ത്രി ആര്യാടന്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളവും ഉത്സവാനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ വായ്പ എടുക്കാന്‍ പോകുകയണെന്നിരിക്കെ, കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന് അവകാശപ്പെട്ട് മന്ത്രി മാണി നേരത്തെ നടത്തിയ പ്രസ്താവനക്കെതിരെയാണ് ആര്യാടന്റെ ഒളിയമ്പെങ്കിലും അത് നിഷേധിക്കാന്‍ മാണി മുതിര്‍ന്നിട്ടില്ല. മറിച്ചു പൊതുഖജനാവിന്റെ ശോഷിപ്പിന് കാരണം പ്രധാനമായും വൈദ്യുത വകുപ്പും, കെ എസ് ആര്‍ ടി സിയുമാണെന്ന പ്രതികരണത്തിലൂടെ സമ്പദ്തകര്‍ച്ചയുടെ ഉത്തരവാദിത്വം ആര്യാടന്റെ തലയില്‍ കെട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
യു ഡി എഫിലെ ഘടകകക്ഷികള്‍ക്കിടയിലെ പടലപ്പിണക്കവും മന്ത്രിമാര്‍ക്കിടയിലെ ചേരിപ്പോരുമാണ് ഈ വാഗ്വാദത്തിന് പിന്നിലെങ്കിലും സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഇത് അനാവരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് ഗൗരവതരമായ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭ മുമ്പാകെ വെച്ച സി എ ജി റിപ്പോര്‍ട്ടില്‍ 2010-11 വര്‍ഷത്തെ 7731 കോടി ധനക്കമ്മി 2011-12 ലെത്തിയപ്പോള്‍ 12815 കോടിയായി ഉയരുകയും റവന്യൂക്കമ്മി 8035 കോടിയിലെത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയിരുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ പൊതു കടം ഒരു ലക്ഷത്തിലേറെയും ആളോഹരി കടം 30,769 രൂപയും വരും. നിലവില്‍ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കടമെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷം 12,397 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. 6000 കോടി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും ബാക്കി രണ്ടാം പകുതിയിലും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 915 കോടി രൂപ കൂടുതല്‍ വരുമിത്. ഇതോടെ പൊതു കടത്തിന്റെ ഗ്രാഫ് പിന്നെയും ഉയരും.
റവന്യൂ വരുമാനത്തിന്റെ 85 ശതമാനത്തോളം, സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ക്ഷാമബത്ത, പെന്‍ഷന്‍, കടത്തിന്റെ പലിശ എന്നിവക്കാണ് വിനിയോഗിക്കുന്നത്. ഒരു വര്‍ഷം ഈയിനത്തില്‍ 25,380 കോടി ചെലവ് വരും. വരുമാനത്തിന്റെ ബാക്കി 19.39 ശതമാനം മാത്രമാണ് സാമുഹിക സേവന മേഖലകള്‍ക്കും നാടിന്റെ വികസനത്തിനും മാറ്റിവെക്കുന്നത്. എന്നിട്ടും ശമ്പളത്തിന് വായ്‌പെയെടുക്കേണ്ടി വരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ റവന്യൂ വരുമാനം ശമ്പളത്തിനും പെന്‍ഷനും വായ്പാ പലിശക്കും തന്നെ തികയുന്നില്ലെന്നര്‍ഥം.
ഈ കടുത്ത സാമ്പത്തിക തകര്‍ച്ചയെ തരണം ചെയ്യാന്‍ പൊതുജനത്തിന്റെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സക്കാര്‍ നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഇറച്ചിക്കോഴി, പ്ലൈവുഡ് തുടങ്ങി വിവിധ ഇനം സാധനങ്ങളുടെ തറവില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ത്തിയത് ഇതിന്റെ ഭാഗമായാണ്. പൊതുവിപണിയില്‍ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കെ കുറഞ്ഞ വിലക്ക് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന ഊര്‍ജിതമാക്കേണ്ട ഘട്ടത്തിലാണ് സര്‍ക്കാറിന്റെ ഈ നടപടി! ഭരണ മേഖലയിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയും പൊതു മേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരളവോളം കാരണം. നേരത്തെ എ കെ ആന്റണി സര്‍ക്കാര്‍ ഭരണ രംഗത്തെ ധൂര്‍ത്ത് ഒഴിവാക്കാനും സാമ്പത്തിക അച്ചടക്ക നടപടികള്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചപ്പോള്‍ മികച്ച ഫലം ഉളവാക്കിയിരുന്നു. എന്നാല്‍ പൊതുഖജനാവിലെ പണം കൊണ്ട് സുഖിച്ചും ധൂര്‍ത്തടിച്ചും ശീലിച്ച എക്‌സിക്യൂട്ടീവും ബ്യൂറോക്രസിയും അത് അട്ടിമറിക്കുകയാണുണ്ടായത്. സര്‍ക്കാര്‍ വരുമാനത്തിന്റെ 85 ശതമാനവും കൈപ്പറ്റുന്ന ഇവരെ വേദനിപ്പിച്ചാല്‍ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നത് കൊണ്ടായിരിക്കണം പിന്നെയും സര്‍ക്കാര്‍ പൊതുജനത്തിന്റെ പിടലിക്ക് പിടിക്കുന്നത്.

---- facebook comment plugin here -----

Latest