Connect with us

National

പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ഡീസല്‍; ചിത്രാ ത്യാഗരാജന്‍ ശ്രദ്ധേയയാകുന്നു

Published

|

Last Updated

ചെന്നൈ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് ഡീസലിന് സമാനമായ ഇന്ധനം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ച വനിതാ എന്‍ജിനീയര്‍ ചിത്രാ ത്യാഗരാജന്‍ ശ്രദ്ധേയയാകുന്നു. മൂന്ന് വര്‍ഷം നീണ്ട നിരന്തര ഗവേഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള കണ്ടുപിടിത്തത്തിന് ചിത്ര പാറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്.
വില കുറഞ്ഞതും ആശ്രയിക്കാവുന്നതുമായ ഒരു ഇന്ധനം കണ്ടെത്തുകയെന്നത് ചിത്ര ത്യാഗരാജന്റെ ഒരു ദൃഢപ്രതിജ്ഞയായിരുന്നു. അതിനായി ഗവേഷണങ്ങളും അന്വേഷണങ്ങളുമായി മൂന്ന് വര്‍ഷം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഈ സംവിധാനം രൂപപ്പെട്ടതും സംവിധാനത്തിന്റെ പ്രവര്‍ത്തനം പിഴവറ്റതാണെന്ന് സ്ഥിരീകരിച്ചതും. 2013 ജൂണില്‍ ചിത്ര തന്റെ ഉപകരണത്തിന് പാറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
“എല്ലുമുറിയുന്ന കഠിനാധ്വാനത്തിന്റെയും പരീക്ഷണ നിരീക്ഷണങ്ങളുടേയും ഫലമാണ് ചിത്രയുടെ കണ്ടുപിടിത്തം. അങ്ങനെ രൂപപ്പെട്ട ഉപകരണത്തിന്റെ രൂപവും ഘടനയും നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എപ്പോഴെങ്കിലുമൊക്കെ ഗൈഡ് എന്ന നിലയില്‍ ഞാന്‍ ചിത്രയെ സഹായിച്ചിരുന്നു. എന്നാല്‍ ഈ കണ്ടുപിടിത്തത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അവള്‍ക്ക് തന്നെയാണ് ” “പൈറോ പ്ലാന്റ”് എന്നറിയപ്പെടുന്ന ഉപകരണത്തെ കുറിച്ച് വിശദീകരിക്കവെ, ഗൈഡായ സി എസ് എം സുന്ദരം പറഞ്ഞു. 80കാരനായ സുന്ദരം, മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ റിട്ട. പ്രൊഫസറാണ്.
കുട്ടികള്‍ ഉപയോഗിക്കുന്ന ആകര്‍ഷകമായ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിച്ചുള്ള പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ഉപകരണത്തിന്റെ ഭാഗമായ ചേമ്പറില്‍ നിക്ഷേപിക്കാമെന്ന് ഇതിന്റെ പ്രവര്‍ത്തനം വിവരിച്ചുകൊണ്ട് സുന്ദരം പറഞ്ഞു. ഇവ ക്രോമിയം മൈക്രൊ ബാന്‍ഡ് ഹീറ്ററുകളില്‍ ഓക്‌സിജന്റെ സാന്നിധ്യമില്ലാതെ 350 ഡിഗ്രിക്കും 375 ഡിഗ്രിക്കും ഇടയില്‍ ചൂടാക്കും. ഇതില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വാതകം, വെള്ള കെണ്ട് തണുപ്പിച്ചുകൊണ്ടിരിക്കുന്ന വാട്ടര്‍ കൂളര്‍ കോയലിലൂടെ മറ്റൊരു ചേമ്പറിലേക്ക് എത്തിക്കുന്നു. അവിടെ നിന്നും പകുതി വെള്ളം നിറച്ച മറ്റൊരു കമ്പാര്‍ട്ടുമെന്റിലേക്ക് പമ്പ് ചെയ്യുന്നു. അതില്‍ വെള്ളത്തിന് മുകളിലൂടെ ഇന്ധനം ഒഴുകുന്നു. ഇവിടെയുള്ള ഒരു കണ്ടന്‍സറിലേക്ക് വെള്ളത്തില്‍ ലയിക്കാത്ത വാതകം കടത്തി വിടുന്നതോടെ ഇത് എല്‍ പി ജിക്ക് പകരം വെക്കാവുന്ന ഇന്ധനമായി മാറുന്നു.
ഈ ഉപകരണം ചെലവ് കുറഞ്ഞതും മൂന്ന് മണിക്കൂറുകൊണ്ട് ഇന്ധനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. അഞ്ച് കിലോഗ്രാം യൂനിറ്റിന് 75,000 രൂപയാണ് ചെലവ് വരുന്നത്. 25 കെ ജി യൂനിറ്റിന് മൂന്ന് ലക്ഷം രൂപ വേണ്ടിവരും. ഒരു കിലോ പ്ലാസ്റ്റിക്ക് കൊണ്ട് 800 മില്ലി ലിറ്റര്‍ ഇന്ധനം ഉത്പാദിപ്പിക്കാനാകും. ഡീസല്‍ സൂക്ഷിച്ചു വെക്കാനാവുന്നതാണെങ്കില്‍, പുതിയ കണ്ടുപിടിത്തത്തിലൂടെ ലഭിക്കുന്ന എല്‍ പി ജി കംപ്രസ് ചെയ്യാനാകാത്തതിനാല്‍ നേരിട്ടുതന്നെ ഉപയോഗിക്കാമെന്ന് ചിത്ര പറഞ്ഞു. ചൈനയില്‍ സമാന പ്രക്രിയയിലൂടെ ഇന്ധനം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ചെലവ് കൂടും. കൂടുതല്‍ സമയവും എടുക്കും. ചിത്രയുടെ കണ്ടുപിടിത്തം പ്രയോഗത്തില്‍ കൊണ്ടുവരാവുന്നതാണെന്ന് മദ്രാസ് ഐ ഐ ടിയിലെ പ്രൊഫസര്‍ എസ് പുഷ്പവനം പറഞ്ഞു.
ഇരുട്ടിലും കാഴ്ച ലഭിക്കുന്ന ക്യാമറ, ഫിസിയോതെറാപ്പിക്ക് ഉപയോഗിക്കാവുന്ന ഇലക്‌ട്രോ മാഗ്നറ്റിക് ബെല്‍റ്റ് എന്നിവ ചിത്രയുടെ കണ്ടുപിടുത്തങ്ങളില്‍ പെടുന്നു. ചിത്ര പാറ്റന്റിന് അപേക്ഷിച്ചതോടെ പാറ്റന്റ് അധികൃതര്‍ ഈ യന്ത്ര സംവിധാനത്തിന്റെ പ്രവര്‍ത്തനം രണ്ട് മാസം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി. പാറ്റന്റ് നല്‍കാവുന്നതാണെന്ന് അവര്‍ ശിപാര്‍ശ നല്‍കുകയും ചെയ്തു.

 

Latest