ശ്രീജേഷ് സൂപ്പര്‍ മാന്‍; ഇന്ത്യ സെമിയില്‍

Posted on: August 26, 2013 11:38 pm | Last updated: August 26, 2013 at 11:38 pm
SHARE

asia cup hockyന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയില്‍ സെമിയിലെത്തി. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെയും ദക്ഷിണകൊറിയ ബംഗ്ലാദേശിനെയും 8-0 മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു. തുല്യശക്തികളുടെ പോരില്‍ പക്ഷേ, വിജയം ഇന്ത്യക്കൊപ്പം നിന്നു. പൂള്‍ എയില്‍ നിന്ന് പാക്കിസ്ഥാനും സെമിയിലെത്തി. മലേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്റെ മുന്നേറ്റം. കിരീട ജേതാക്കള്‍ അടുത്ത വര്‍ഷം ഹോളണ്ടില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുമെന്നത് എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കുന്നു.
ഇരുപകുതികളിലുമായിട്ടാണ് ഇന്ത്യയുടെ ഗോളുകള്‍. ആറാം മിനുട്ടില്‍ വി ആര്‍ രഘുനാഥും അറുപത്തഞ്ചാം മിനുട്ടില്‍ മന്‍ദീപ് സിംഗും സ്‌കോര്‍ ചെയ്തു. വലക്ക് മുന്നില്‍ മലയാളി ഗോളി പി ആര്‍ ശ്രീജേഷ് കാഴ്ചവെച്ച മിന്നുംപ്രകടനമാണ് യഥാര്‍ഥത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഏഴ് അവസരങ്ങളാണ് ശ്രീജേഷ് കൊറിയക്ക് നിഷേധിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും ശ്രീജേഷിനെ തേടി വന്നു.
തുടക്കം മുതല്‍ക്ക് ഇന്ത്യ ആധിപത്യം പുലര്‍ത്തി. ആറാം മിനുട്ടില്‍ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഡിഫന്‍ഡര്‍ രഘുനാഥ് ഇന്ത്യയെ മുന്നിലെത്തിച്ചു. കൊറിയന്‍ ഗോളി ലൂ മ്യുംഗിന് അവസരം നല്‍കാതെ വലത് മൂലയില്‍ കയറിയ കോര്‍ണര്‍ കിക്ക് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി. എന്നാല്‍, കൊറിയ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധനിര ആടിയുലഞ്ഞു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു നിന്ന ഇന്ത്യക്ക് ശ്രീജേഷിന്റെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ കൂടിയായപ്പോള്‍ അപകടങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞു. ആദ്യ പകുതിയില്‍ തുടരെ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് കൊറിയ നേടിയെടുത്തത്. ഒന്നു പോലും ശ്രീജേഷ് പ്രതിരോധമറ സൃഷ്ടിച്ച ഗോള്‍വലക്കുള്ളിലേക്ക് പാഞ്ഞുകയറിയില്ല. ഇതിലൊന്ന് ഗോളായിരുന്നെങ്കില്‍ മത്സരഗതി തന്നെ മറ്റൊന്നായേനെ. ബ്രേക്കിന് തൊട്ടുമുമ്പ് ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം ഇന്ത്യക്ക് കൈവന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാലക് സിംഗിന്റെ ക്ലോസ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി.
രണ്ടാം പകുതിയില്‍, സൈഡ് മാറി കളിച്ചിട്ടും കൊറിയയുടെ ആക്രമണവീര്യത്തിന് കുറവില്ല. ഇന്ത്യ മുഴുവന്‍ സമയ പ്രതിരോധപ്രവര്‍ത്തനത്തില്‍ മുഴുകി. കൊറിയക്കും ഗോളിനുമിടയില്‍ ഗോളി ശ്രീജേഷ് മലപോലെ ഉറച്ചു നിന്നു. അമ്പത്തൊന്നാം മിനുട്ടിലാണ് ശ്രദ്ധേയമായ രക്ഷപ്പെടുത്തല്‍. കാംഗ് മൂണ്‍ വിയോണിന്റെ ഷോട്ട് വായുവില്‍ ഉയര്‍ന്ന് ചാടി ശ്രീജേഷ് തട്ടിമാറ്റി. അവസാന പത്ത് മിനുട്ടില്‍ മൂന്ന് സുവര്‍ണാവസരങ്ങളാണ് കൊറിയക്ക് മലയാളി ഗോളി നിഷേധിച്ചത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനുട്ട് ശേഷിക്കെ, കളിയുടെ ഒഴുക്കിന് വിപരീതമായി മന്‍ദീപ് സിംഗ് രണ്ടാം ഗോള്‍ നേടി. കൊറിയന്‍ ഡിഫന്‍ഡറില്‍ നിന്ന് പന്ത് തട്ടിയെടുത്ത മന്‍ദീപ് ഉഗ്രനൊരു ഷോട്ടിലാണ് വല കുലുക്കിയത്.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊറിയക്ക് ഒമാനാണ് എതിരാളി.