കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പളം ലഭിച്ചേക്കില്ല

Posted on: August 26, 2013 7:45 am | Last updated: August 26, 2013 at 1:46 pm
SHARE

ksrtc1പാലക്കാട്: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് അനിശ്ചിതത്വത്തില്‍. കോര്‍പ്പറേഷന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയിരിക്കുന്നത്. 30 കോടി രൂപയുടെ വായ്പക്കായി കോര്‍പ്പറേഷന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
കെ എസ് ആര്‍ ടി സിയില്‍ 40,007 ജീവനക്കാരാണുള്ളത്. ഇവരില്‍ പതിനായിരത്തോളം താത്കാലിക ജീവനക്കാരാണ്. കൂടാതെ 37,000 ത്തോളം പെന്‍ഷന്‍കാരുമുണ്ട്. കഴിഞ്ഞ ഓണത്തിന് 3500 രൂപ വീതമാണ് ജീവനക്കാര്‍ക്ക് ഉത്സവ ആനുകൂല്യം നല്‍കിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപ വരെ പെര്‍ഫോമന്‍സ് അലവന്‍സും നല്‍കിയിരുന്നു. ഇത്തവണത്തെ ഓണത്തിന് 30 കോടി രൂപയുടെ അധിക ബാധ്യതയാണ് കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കെ ടി— ഡി എഫ് —സി അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് വായ്പ എടുത്താണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
ഇത്തവണ പണം ലഭ്യമാക്കുന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇതുവരെ കെ എസ് ആര്‍ ടി സി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 6000 ത്തോളം ഷെഡ്യൂളുകള്‍ ഉള്ള കെ എസ് ആര്‍ ടി സി 4600 ഷെഡ്യുളുകളാണ് ഇപ്പോള്‍ നടത്തുന്നത്. 700 ഓളം ബസുകള്‍ സ്‌പെയര്‍ പാര്‍ട്‌സുകളില്ലാത്തതിനാല്‍ കട്ടപ്പുറത്താണ്. ഉത്സവ കാലങ്ങളില്‍ കൂടുതല്‍ ഷെഡ്യൂളുകള്‍ നടത്തി വരുമാനം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും അതും നടപ്പിലാകുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.