തോട്ടം തൊഴിലാളികളുടെ മക്കള്‍ സൈന്യത്തിലേക്ക്; പരിശീലിപ്പിക്കാന്‍ മേജര്‍ രവി

Posted on: August 26, 2013 7:20 am | Last updated: August 26, 2013 at 1:12 pm
SHARE

downloadതൊടുപുഴ: തോട്ടം തൊഴിലാളികളുടെ മക്കെള സൈനിക റിക്രൂട്ട്‌മെന്റിന് പ്രാപ്തരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് വണ്ടിപ്പെരിയാറില്‍ തുടക്കമായി. മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ മൂന്നിന് തൊടുപുഴയില്‍ സംഘടിപ്പിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ മക്കളെ പങ്കെടുപ്പിച്ച് സൈനികരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
തിരഞ്ഞെടുത്ത 17 മുതല്‍ 21 വയസ്സുവരെയുള്ള 60 കുട്ടികള്‍ക്ക് രണ്ട് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. കട്ടപ്പന, ഉടുമ്പന്‍ചോല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. കേരളത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുത്താലും പലപ്പോഴും സെലക്ഷന്‍ ലഭിക്കാറില്ല. കുട്ടികള്‍ക്ക് കായിക ക്ഷമതയുണ്ടങ്കിലും പരിശീലനം ലഭിക്കാത്തതിനാല്‍ നിസ്സാരകാര്യങ്ങളുടെ പേരിലാണ് സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കിയതോടെയാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ടിറങ്ങിയത്.
കായിക ക്ഷമതാ പരിശീലനങ്ങള്‍ക്കൊപ്പം ഗണിതം, ഇംഗ്ലീഷ്, സയന്‍സ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ എഴുത്തുപരീക്ഷയും ഇവര്‍ക്ക് നല്‍കും. ഓട്ടം, ചാട്ടം, പുഷ്-അപ്പ് ഉള്‍പ്പെടെ എട്ടിനിങ്ങളിലാണ് പരിശീലനം. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് തൊടുപുഴയില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുപ്പിക്കുന്നത്. തോട്ടം മേഖല കൂടിയായ വണ്ടിപ്പെരിയാറില്‍ നിന്നുള്ള ഷാജി പൈനേടത്ത്, ശാന്തി ഹരിദാസ്, പി ആര്‍ അയ്യപ്പന്‍ എന്നിവരുടെ ഫണ്ടില്‍ നിന്നാണ് എട്ട് ലക്ഷം രൂപ പരിശീലനത്തിനായി അനുവദിച്ചത്.
കേരളത്തില്‍ ആദ്യമായാണ് സൈനിക സേവനം നേടുന്നതിനുള്ള പരിശീലന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.