Connect with us

Kerala

എറണാകുളത്തെ വിഭാഗീയതക്കെതിരെ പിണറായിയുടെ താക്കീത്‌

Published

|

Last Updated

കൊച്ചി: എറണാകുളം ജില്ലയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നതില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കടുത്ത അതൃപ്തി. എറണാകുളത്ത് പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണെന്നും ഇനിയും വിഭാഗീയത വെച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇന്നലെ ചേര്‍ന്ന് സി പി എം ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തിലാണ് പിണറായി വിജയന്റെ താക്കീത്.
ജില്ലയിലെ ഏരിയാകമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കറിച്ച് പഠിക്കാന്‍ നേരത്തെ ജില്ലക്ക് പുറത്തുള്ള സംസ്ഥാന കമ്മിറ്റിയംഗത്തെയും ജില്ലാ കമ്മിറ്റിയംഗത്തെയും ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടും യോഗത്തില്‍ വിലയിരുത്തിയതായാണ് വിവരം. ജില്ലയില്‍ സംഘടനാ ദൗര്‍ബല്യം ഉളളതായും പല ഏരിയാ കമ്മിറ്റികളും നിര്‍ജീവമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഒപ്പം വിഭാഗീയത രൂക്ഷമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ ശക്തമായ താക്കീത് നല്‍കിയിരിക്കുന്നതത്രെ.
ജില്ലയിലെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ക്കാനും ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനിച്ചതായും വിവരമുണ്ട്.ബ്ലേഡ്, റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുമായി ചില പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുള്ളതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരം മാഫിയകളുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ അത് അവസാനിപ്പിച്ചുകൊള്ളണമെന്നും പറ്റാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിരിയാമെന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.
കൊച്ചി ഏരിയാ കമ്മിറ്റി പുനസംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു. മുന്‍ എം എല്‍ എ ജോണ്‍ഫെര്‍ണാണ്ടസിനെ ഏരിയാ സെക്രട്ടറിയാക്കാനാണ് നിര്‍ദേശം.16 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചതായാണ് വിവരം. കടുത്ത വിഭാഗീയതയെ തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് നിലവില്‍ കൊച്ചി ഏരിയാ കമ്മിറ്റിയുടെ ചുതമല. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.

 

Latest