ആനമൂളി ചെക്ക്‌പോസ്റ്റ്: പ്രതിഷേധം വ്യാപകം; 30 ന് റോഡ് ഉപരോധം

Posted on: August 26, 2013 12:45 pm | Last updated: August 26, 2013 at 12:45 pm
SHARE

മണ്ണാര്‍ക്കാട്: ആനമൂളിയിലെ വില്പനനികുതി ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുവരെ സമരം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് പറഞ്ഞു.
അട്ടപ്പാടിയിലെ മലയോര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മണ്ണാര്‍ക്കാട്ടെ കടകമ്പോളങ്ങളില്‍ എത്തിക്കുന്നതിനും മണ്ണാര്‍ക്കാടുനിന്നും ആവശ്യ സാധനങ്ങള്‍ അട്ടപ്പാടിയിലേക്കു കൊണ്ടുപോകുന്നതിനും കര്‍ഷകര്‍ക്ക് തടസം നില്ക്കുന്നതാണ് ആനമൂളിയിലെ ചെക്ക് പോസ്റ്റ്.—
സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥാപിക്കേണ്ട ചെക്ക്‌പോസ്റ്റാണ് സംസ്ഥാന അതിര്‍ത്തിയില്‍നിന്നും മുപ്പതുകിലോമീറ്ററോളം മാറ്റി സ്ഥിതിചെയ്യുന്നത്. തെങ്കര, അഗളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനമൂളിയിലാണ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്.—
സെയില്‍സ്ടാക്‌സ് ചെക്ക്‌പോസ്റ്റ് രണ്ടുതവണ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിയുണ്ടായിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനംമൂലം നടപടിയുണ്ടായില്ല. ചെക്ക്‌പോസ്റ്റ് നീക്കം ചെയ്യുന്നതുവരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിന് കേരള കോണ്‍ഗ്രസ്-ജേക്കബ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയോഗം തീരുമാനമെടുത്തു.—ഇതിന്റെ ഭാഗമായി 30ന് ചെക്ക്‌പോസ്റ്റിനുസമീപം അട്ടപ്പാടി റോഡ് ഉപരോധിക്കാനും തീരുമാനമെടുത്തു. മണ്ണാര്‍ക്കാട് പി ഡബ്ല്യു ഡി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു.—മണ്ഡലം പ്രസിഡന്റ് വി എ കേശവന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ട്രഷറര്‍ വി എം തോമസ്, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ഒ വക്കച്ചന്‍, പാര്‍ട്ടി നിയോജകമണ്ഡലം സെക്രട്ടറി സി ജെ തോമസ്, വൈസ് പ്രസിഡന്റ് ചിന്ന ‘ഗവതി കൗണ്ടര്‍, യൂത്ത്ഫ്രണ്ട് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.