Connect with us

Kozhikode

വൈവിധ്യങ്ങള്‍ ഒരുക്കി ഓണം ഹാന്‍ഡ്‌ലൂം എക്‌സ്‌പോ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള ഓണം ഹാന്‍ഡ്‌ലൂം എക്‌സ്‌പോ 2013 പാവമണി റോഡിലെ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി കോമ്പൗണ്ടില്‍ തുടങ്ങി. എം കെ രാഘവന്‍ എം പി മേള ഉദ്ഘാടനം ചെയ്തു.
ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി പ്രസ്തുത മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇടപടല്‍ ഉണ്ടായിട്ടും ഒരുവിഭാഗം ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍ കാരണം മേഖലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തടസ്സം നേരിടുകയാണ്. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ യൂനിഫോമും അനുബന്ധ വസ്ത്രങ്ങളും ഖാദി, കൈത്തറി മേഖലയില്‍ നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് ബാന്‍ഡേജ് ക്ലോത്തുകളും ബെഡ്ഷീറ്റുകളുമെല്ലാം ആദ്യഘട്ടത്തില്‍ ഖാദി ബോര്‍ഡുകള്‍ വഴി വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആദ്യവര്‍ഷം മാത്രമാണ് അത്തരമൊരു നടപടി ശരിയായ വിധത്തില്‍ നടന്നത്. വന്‍കിട സ്വകാര്യമില്ലുകളില്‍ നിന്നാണ് ഇപ്പോള്‍ പല വകുപ്പുകളും യൂനിഫോമുകളും മറ്റും വാങ്ങുന്നതെന്നിരിക്കെ അത് ഒഴിവാക്കി പരമ്പരാഗത കൈത്തറി മേഖലയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ വാങ്ങാനുള്ള നിലവിലെ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും രാഘവന്‍ പറഞ്ഞു.
ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനും കെ ഡി സി ബേങ്ക് പ്രസിഡന്റുമായ മനയത്ത് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ആദ്യവില്‍പ്പന കെ അബൂബക്കറിന് നല്‍കി കൗണ്‍സിലര്‍ പി കിഷന്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം വി യോഹന്നാന്‍, കെ ഗോവിന്ദന്‍, കെ ഗോപാലകൃഷ്ണന്‍, ഹയറുന്നീസ സി പി എം പങ്കെടുത്തു. വിവിധ കൈത്തറി സംഘങ്ങള്‍ നെയ്‌ത്തെടുത്ത വിവിധ വര്‍ണങ്ങളിലും ഡിസൈനിലും ഉള്ള സാരികള്‍ , ദോത്തികള്‍, ഷര്‍ട്ടിംഗുകള്‍ ലുങ്കികള്‍, ഫ്‌ളോര്‍മാറ്റുകള്‍ എന്നിവയുടെ ശേഖരം മേളയില്‍ ഒരുക്കിയിട്ടുണ്ട്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 20 ശതമാനം റിബേറ്റ് ഉണ്ടായിരിക്കും.ജില്ലയിലെ പ്രാഥമിക കൈത്തറി സംഘങ്ങള്‍ക്ക് പുറമെ മറ്റുജില്ലകളില്‍ നിന്നുള്ള സഹകരണസംഘങ്ങളും ഹാന്‍ഡ്ക്‌സും ഹാന്‍ഡ്‌വീവുമുള്‍പ്പെടെ 43 സ്റ്റാളുകളാണ് മേളയിലുള്ളത്.
കൂടാതെ കേരള സോപ്‌സിന്റെ ഉത്പന്നങ്ങളും കിടക്കകളും ചകിരിയില്‍ തീര്‍ത്ത മേറ്റുകളും ബ്രഷുകളും മേളയുടെ ആകര്‍ഷണമാണ്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും നറുക്കെടുപ്പിലൂടെ 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കും. ഒരു ഭാഗ്യശാലിക്ക് മെഗാസമ്മാനം നല്‍കും. മേള സെപ്റ്റംബര്‍ 15ന് സമാപിക്കും.

Latest