സിറിയക്കെതിരെ ആക്രമണത്തിന് ഒരുങ്ങി യു എസും ബ്രിട്ടനും

Posted on: August 26, 2013 12:12 am | Last updated: August 26, 2013 at 12:15 pm
SHARE

CameronObama.Shutterstockവാഷിംഗ്ടണ്‍/ലണ്ടന്‍: സിറിയക്കെതിരെ അമേരിക്ക പടയൊരുക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമേകി യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും രംഗത്ത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കാനായി നിലകൊള്ളുന്ന വിമതര്‍ക്കെതിരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി. രാസായുധ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒബാമയും കാമറൂണും ശനിയാഴ്ച നാല്‍പ്പത് മിനുട്ട് ചര്‍ച്ച നടത്തിയിരുന്നു. ടെലിഫോണ്‍ ചര്‍ച്ചക്ക് ശേഷം ഇരുവരുടെയും ഓഫീസുകളാണ് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന പ്രതികരണം പുറത്തു വിട്ടത്. രാസായുധം നിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണ്. അത് ലംഘിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സിറിയന്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന് തന്നെയാണ് പ്രാഥമിക തെളിവുകളെന്ന് കാമറൂണിന്റെ ഓഫീസ് വ്യക്തമാക്കി. യു എന്‍ അന്വേഷക സംഘത്തോട് സത്യസന്ധമായ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബശര്‍ ഭരണകൂടം അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. അത്തരം സഹകരണം ഉണ്ടാകുന്നില്ലെന്നാണ് ദമസ്‌കസില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, സിറിയന്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് സിറിയന്‍ വാര്‍ത്താ വിനിമയ മന്ത്രി ഉംറാന്‍ ശുഐബി തിരിച്ചടിച്ചു. നിയമവിരുദ്ധമായ ഇടപെടലിന് ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ രാജ്യം സജ്ജമാണ്. ദേശദ്രോഹികളായ വിമതരെ ചെറുക്കുകയാണ് ഭരണകൂടവും സൈന്യവും ചെയ്യുന്നത്. സിറിയന്‍ ജനതയുടെ സുരക്ഷയാണ് ആത്യന്തിക ലക്ഷ്യമെന്നും ലബനീസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാസായുധം പ്രയോഗിച്ചത് തങ്ങളല്ല മറിച്ച് വിമതരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. കിഴക്കന്‍ ദമസ്‌കസില്‍ വിമതര്‍ ഉപയോഗിച്ച തുരങ്കത്തില്‍ അപകടകരമായ രാസവസ്തു സാന്നിധ്യം കണ്ടെത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യു എന്‍ നിരായുധീകരണ മേധാവി ആഞ്ജല കാനെ ദമസ്‌കസില്‍ എത്തിയിട്ടുണ്ട്. യു എന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലം വ്യക്തമാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
സിറിയക്കെതിരെ അമേരിക്ക ആക്രമണം നടത്തുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ സൂചന നല്‍കിയിരുന്നു. സിറിയയില്‍ സൈനിക നടപടിക്ക് ഒരുങ്ങിയിരിക്കാന്‍ പെന്റഗണ് ഒബാമ നിര്‍ദേശം നല്‍കിയതായാണ് ഹെഗല്‍ വെളിപ്പെടുത്തിയിരുന്നത്.