Connect with us

Editorial

വരും തലമുറയെ രക്ഷിക്കാന്‍

Published

|

Last Updated

സംസ്ഥാനത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നത് കടുത്ത ഉത്കണ്ഠയോടെയാണ് സാക്ഷര കേരളം നോക്കിക്കാണുന്നത്. കൊടുംകുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്നതും കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും രാജ്യത്ത് ഏറി വരികയാണ്. ഇന്ത്യന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പ് രണ്ട് (ഒന്ന്) പ്രകാരം, 18 വയസ്സ് തികയാത്ത ഏതൊരു കുട്ടിയും ജുവനൈല്‍ ആണ്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ വിചാരണയും കുറ്റവിധിയും 2000-ലെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണു നിര്‍വഹിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാല്‍ കുട്ടിക്കുറ്റവാളിയെ നിശ്ചിത കാലത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയ ക്കും. പിന്നീടു നല്ലനടപ്പിനു വിട്ടയക്കപ്പെടാം. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ പങ്കാളിത്തം കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നതുമൂലം ജുവനൈല്‍ ആക്ട് ഭേദഗതി ചെയ്യണമെന്ന ആവശ്യം അടുത്ത കാലത്തു സജീവമായിരുന്നു. . ജുവനൈല്‍ ജസ്റ്റീസ് നിയമം പരിഷ്‌കരിക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച കേസില്‍ രാജ്യമാകെ ഇളകിമറിഞ്ഞതാണ്. ഈ കേസിലെ ഒരു പ്രതിക്ക് പതിനെട്ട് വയസ്സില്‍ താഴെയാണു പ്രായം. ഈ കേസിനെക്കുറിച്ചോ പ്രതികളെക്കുറിച്ചോ ഇപ്പോള്‍ ആരും കാര്യമായൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല. നിയമം അതിന്റെ വഴിയേ പൊയ്‌ക്കൊണ്ടിരിക്കുകയാകും എന്ന് ആശ്വസിക്കാം. ഇന്ത്യന്‍ നിയമസംവിധാനത്തിന്റെ വഴികള്‍ വളരെ നീണ്ടതാണല്ലോ.
കൊടുംകുറ്റവാളികളായ കുട്ടികള്‍ക്ക് ഇത്തരമൊരു പരിരക്ഷ നല്‍കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം. കാരണം, പ്രായത്തില്‍ കവിഞ്ഞ കുറ്റവാസന കാട്ടുന്നവരെ കുട്ടിയായി കാണേണ്ടതില്ല .കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടും എറണാകുളത്തും തൃശൂരിലുമൊക്കെയായി പിടികൂടപ്പെട്ട മോഷ്ടാക്കളിലധിവും 16നും 17നും ഇടക്ക് പ്രായമുള്ളവരാണ്. ഇതേ പ്രായത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടുന്ന കൊലപാതക കേസുകളടക്കം ക്രിമിനല്‍ കേസുകള്‍ ഏറിവരുന്നുണ്ട്. ഇത്തരം കേസുകളിലെ ജുവനൈല്‍ പ്രതികള്‍ക്ക് നിയമപരിരക്ഷ നല്‍കേണ്ടതില്ല.
ഒരു വ്യക്തിയെ പ്രായപൂര്‍ത്തിയാക്കുന്നത് എന്താണ് എന്ന ചോദ്യമാണ് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്താമാകുന്നത്. സാഹചര്യങ്ങള്‍മൂലം കുറ്റകൃത്യങ്ങള്‍ ചെയ്യാനിടയായ കുട്ടികള്‍ക്കു കൊടുക്കുന്ന ഇളവുകള്‍ കൊടുംപാതകങ്ങള്‍ ചെയ്യുന്ന കുട്ടിക്കുറ്റവാളികള്‍ക്കു കൊടുക്കുന്നതു വിപരീതഫലമേ ഉണ്ടാക്കൂ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കണക്ക് പ്രകാരം, 2011ല്‍ മാത്രം 18 വയസ്സില്‍ താഴെ പ്രായമുള്ള 33,387 പേരാണ് മാനഭംഗത്തിനും കൊലപാതകത്തിനുമായി അറസ്റ്റിലായത്. ഇവരില്‍ 21,657 പേര്‍ പതിനാറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവരാണ്. പന്ത്രണ്ടിനും പതിനാറിനുമിടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളുടെ എണ്ണം 11,019. ഏഴിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവര്‍ 1,211. 2001ല്‍ കുട്ടിക്കുറ്റവാളികള്‍ ഉള്‍പ്പെട്ട മാനഭംഗക്കേസുകള്‍ 399 ആയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും അതു 1419 ആയി. 2001ല്‍ കുട്ടികളുടെ പേരില്‍ 531 കൊലപാതകക്കേസുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2011ല്‍ അത് 888 ആയി. കുട്ടിക്കുറ്റവാളികളില്‍ ബഹുഭൂരിപക്ഷവും വീട്ടില്‍ മാതാപിതാക്കളോടൊത്തു ജീവിച്ചിരുന്നവര്‍ ആണെന്ന വസ്തുത പ്രത്യേകം പ്രതിപാദിക്കേണ്ടതുണ്ട് .
ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ കുട്ടിക്കുറ്റവാളികളുടെ പുനരധിവാസവും സംരക്ഷണവുമൊക്കെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പഴുതുകള്‍ കൂടുതല്‍ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുന്നെങ്കില്‍ നിയമത്തിനൊരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി ജുവനൈല്‍ പ്രായപരിധി ഉയര്‍ത്താനാകില്ലെന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഇനി നിയമനിര്‍മാണം മാത്രമാണ് ഏക പോംവഴി. അതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം രൂപപ്പെടണം. ഈ വഴിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയാല്‍ വരും തലമുറയെ അധര്‍മത്തിന്റെ വിപത്തില്‍ നിന്ന് കരകയറ്റാനാകുമെന്നുറപ്പാണ്.
പതിനാറ് വയസ്സ് കഴിഞ്ഞവരെയെങ്കിലും മുതിര്‍ന്നവരുടെ ഗണത്തില്‍ പെടുത്തിയില്ലെങ്കില്‍ കുട്ടിക്കുറ്റവാളികള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത. കൗമാരത്തില്‍നിന്നു യുവത്വത്തിലേക്കു കടക്കുന്ന പ്രായത്തില്‍ കുട്ടികളെ ഗുണ്ടാസംഘങ്ങളിലും മാഫിയകളിലും ചേര്‍ത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യിച്ചു മുതലെടുക്കുന്നവര്‍ ഇന്നുണ്ട്. മാതാപിതാക്കളുടെ സജീവ ശ്രദ്ധ പതിയാത്തതുകൊണ്ടാണ് പല കുട്ടികളും ക്രിമിനല്‍കൃത്യങ്ങളില്‍ ചെന്നുപെടുന്നത്. സ്‌കൂളുകളില്‍ അധ്യയനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ രൂപവത്കരണത്തിനും പരിഗണന നല്‍കിയാല്‍ മാത്രമേ നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന കുറ്റവാസനയില്‍നിന്നു വരും തലമുറയെ രക്ഷപ്പെടുത്താനാകൂ.

Latest