റെയില്‍വേ ട്രാക്കുകളില്‍ ദിനേന പൊലിയുന്നത് 39 ജീവനുകള്‍

Posted on: August 26, 2013 6:00 am | Last updated: August 25, 2013 at 10:02 pm
SHARE

railway trackന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ ദിവസം ശരാശരി 39 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. 2009- 12 കാലത്ത് ഇത്തരം അരലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ജപ്പാനിലെയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെയും ആധുനിക റെയില്‍വേ സംവിധാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്ന് മന്ത്രാലയം പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബീഹാറില്‍ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച് 28 തീര്‍ഥാടകര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.
പാളം മുറിച്ചുകടക്കുമ്പോള്‍ ട്രെയിനിടിച്ച ഒരു സംഭവം പോലും കഴിഞ്ഞ 50 വര്‍ഷത്തിനിടെ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇത്തരം സംഭവങ്ങള്‍ വിരളമാണ്. 2009 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ 50,298 പേരാണ് ഇന്ത്യയില്‍ ഇത്തരം അപകടത്തില്‍ പെട്ട് മരിച്ചത്. ഇതുപ്രകാരം വര്‍ഷം 14,370 പേരും ദിവസം 39 പേരും മരിക്കുന്നുണ്ട്. 2009ല്‍ 14,376ഉം 2010ല്‍ 12,894ഉം പേര്‍ മരിച്ചു. 2011ല്‍ ഇത് 14,611 ആയി ഉയര്‍ന്നു. 2012ല്‍ 8412 പേരും മരിച്ചു. അധിക അപകടവും ലെവല്‍ ക്രോസിന് സമീപമാണ്. 31,254 ലെവല്‍ ക്രോസുകളില്‍ 12,582 എണ്ണവും ആളില്ലാത്തവയാണ്. അതേസമയം, ബ്രിട്ടനില്‍ 2009-10 കാലയളവില്‍ 52 മരണങ്ങളാണ് പാളം മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടത്തില്‍ സംഭവിച്ചത്. യൂറോപ്പിലാകമാനം 2009ല്‍ 852ഉം 2010ല്‍ 750 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 2000 മുതല്‍ 2012 വരെ 695 പേരാണ് ഇത്തരം അപകടങ്ങളില്‍ പെട്ട് മരിച്ചത്.
ഈ രാഷ്ട്രങ്ങള്‍ സാങ്കേതികമായി മികവ് തെളിയിച്ചവയാണെന്നും അവരുമായി ഇന്ത്യയെ തുലനം ചെയ്യാന്‍ സാധിക്കില്ലെന്നും റെയില്‍വേ മന്ത്രി ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ സുരക്ഷ ഗൗരവമായി എടുക്കുന്നില്ലെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പറഞ്ഞു. മെട്രോ സംവിധാനത്തില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇത്തരം സംവിധാനം എന്തുകൊണ്ട് സാധാരണ ട്രാക്കുകളിലും ഏര്‍പ്പെടുത്തിക്കൂടാ? ജപ്പാന്‍ എല്ലാ തരം ട്രെയിന്‍ സര്‍വീസുകളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതു കൊണ്ടാണ് അപകടമില്ലാതിരിക്കുന്നതെന്നും ത്രിവേദി ചൂണ്ടിക്കാട്ടി.