Connect with us

International

ഹുസ്‌നി മുബാറക്കിനെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കൈറോ: ജയില്‍ മോചിതനായ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതിയില്‍ ഹാജരാക്കി. 2011ല്‍ രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയും പ്രക്ഷോഭകരെ കൊല്ലുകയും ചെയ്ത കേസിലെ പുനര്‍വിചാരണക്ക് വേണ്ടിയാണ് മുബാറക്കിനെ കോടതിയില്‍ ഹാജരാക്കിയത്. ജീവപര്യന്തം തടവിന് വിധിച്ച മുബാറക്കിനെ മൂന്ന് ദിവസം മുമ്പാണ് കോടതി കുറ്റവിമുക്തനാക്കിയതും വീട്ടുതടങ്കല്‍ വിധിച്ചതും. അഴിമതി കേസിലാണ് മുബാറക്കിനും അദ്ദേഹത്തിന്റെ മക്കളെയും കൈറോ കോടതി കുറ്റവിമുക്തരാക്കിയത്.
സൈനിക ആശുപത്രിയില്‍ കഴിയുന്ന 85കാരനായ മുബാറക്കിനെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് തെക്കന്‍ കൈറോയിലെ കോടതിയിലെത്തിച്ചത്. മുബാറക്കിനെതിരെ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതു കൊണ്ട് കനത്ത സുരക്ഷയാണ് കോടതിയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയത്. കോടതി മുറിയിലേക്ക് വീല്‍ചെയറിലെത്തിയ മുബാറക്കിനൊപ്പം മക്കളായ അഅ്‌ലാ, ജമാല്‍ എന്നിവരും മുന്‍ ആഭ്യന്തര മന്ത്രിയും ഉണ്ടായിരുന്നു. മുബാറക്കിന്റെ വാദം കേള്‍ക്കല്‍ അടുത്തമാസം 14ലേക്ക് നീട്ടിയതായി കോടതി വക്താക്കള്‍ അറിയിച്ചു. രാജ്യത്ത് ബ്രദര്‍ഹുഡ് പ്രക്ഷോഭം വ്യാപകമായ സാഹചര്യത്തിലാണ് വിചാരണ മാറ്റിവെച്ചതെന്ന് വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബ്രദര്‍ഹുഡ് നേതാക്കളുടെ വിചാരണ കോടതി മാറ്റിവെച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ മുന്‍ ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഅ്, ഖൈറാത്തുല്‍ ശതര്‍ എന്നിവരുടെ വിചാരണയാണ് മാറ്റിയത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് മേധാവികള്‍ ജഡ്ജിയെ അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest