Connect with us

National

വി എച്ച് പിയുടെത് രാഷ്ട്രീയ യാത്ര: അയോധ്യാ പൂജാരി

Published

|

Last Updated

അയോധ്യ: രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനായി വിശ്വ ഹിന്ദു പരിഷത്ത് നടത്തുന്ന പരിക്രമണ യാത്രക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിലെ പൂജാരി. വോട്ട് ധ്രുവീകരണത്തിനായി നടക്കുന്ന രാഷ്ട്രീയ യാത്രയാണ് ഇതെന്ന് ബാബരി മസ്ജിദ് തകര്‍ത്തിടത്ത് സ്ഥാപിച്ച താത്കാലിക ക്ഷേത്രത്തിലെ പൂജാരി ആചാര്യ സത്യേന്ദ്ര പറഞ്ഞു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ദേശവ്യാപകമായി നേട്ടമുണ്ടാക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ യാത്ര. സന്യാസിമാരും പൂജാരികളും ആത്മീയ നേതാക്കളും ഈ യാത്രയെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ ചടങ്ങാണ് നടക്കുന്നതെന്ന വി എച്ച് പിയുടെ വാദം പൊള്ളയാണെന്നും രാമകഥയുമായി ബന്ധപ്പെട്ട പരിക്രമണത്തിന്റെ യഥാര്‍ഥ സമയം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
ചൗരസി കോസ് പരിക്രമണ യാത്രയുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗുമായും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായും വി എച്ച് പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നായിരുന്നു ബി ജെ പി പ്രതികരിച്ചിരുന്നത്. 250 സന്യാസിമാര്‍ നടത്തുന്ന സമാധാനപരമായ യാത്രയെന്നായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. എന്നാല്‍ 5000 പേര്‍ പങ്കെടുക്കുമെന്ന് വി എച്ച് പി തിരുത്തിയിരുന്നു. ഇന്നലെ വിവിധയിടങ്ങളില്‍ നിന്ന് ചെറു സംഘങ്ങളായി വന്നത് സന്യാസിമാരായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.