Connect with us

Gulf

ഉപയോഗശൂന്യമായ അഞ്ച് ടണ്‍ മത്സ്യം നശിപ്പിച്ചു

Published

|

Last Updated

അബുദാബി: എമിറേറ്റിലെ പ്രധാന മത്സ്യ മാര്‍ക്കറ്റുകളിലൊന്നായ മീനാ മാര്‍ക്കറ്റില്‍ ഈ വര്‍ഷം വിവിധ സമയങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
അബുദാബി നഗരസഭക്കു കീഴിലുള്ള ഫുഡ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് ഈ വര്‍ഷാദ്യം മുതല്‍ വിവിധ സമയങ്ങളില്‍ മീനാ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനകളില്‍ ഉപയോഗശൂന്യമായ മത്സ്യം കണ്ടെത്തി നശിപ്പിച്ചത്.
നിയമം ലംഘിച്ച 112 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. 13 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ആകെ 390 പരിശോധനകള്‍ ഫുഡ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ മീനാ മാര്‍ക്കറ്റില്‍ മാത്രം നടത്തിയതായി അധികൃതര്‍ അറിയിച്ചു.
പിഴ ചുമത്തിയ കേസുകള്‍ ഒരാഴ്ചക്കാലം ഫുഡ് കണ്‍ട്രോള്‍ സിസ്റ്റം ഫയലില്‍ തന്നെ സൂക്ഷിക്കും. സ്ഥാപന ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരമാണിത്.
ഈ കാലയളവിനുള്ളില്‍ സ്ഥാപന ഉടമകള്‍ അധികൃതരെ സമീപിക്കാതിരുന്നാല്‍ അബുദാബി നഗരസഭയുടെ കോടതിയിലേക്ക് കേസ് മാറും. ഈ കോടതിയാണ് പിഴ സംഖ്യയും മറ്റു ശിക്ഷാ നടപടികളും പ്രഖ്യാപിക്കുകയെന്ന് ഫുഡ് കണ്‍ട്രോള്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് ജലാല്‍ അല്‍ റൈസ് പറഞ്ഞു.

Latest