വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വക്രീകരിക്കുന്നതിനെതിരെ നടപടി

Posted on: August 25, 2013 10:18 pm | Last updated: August 25, 2013 at 10:18 pm
SHARE

ദുബൈ: ഗതാഗത നിയമലംഘനങ്ങളില്‍പ്പെടുമ്പോള്‍ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വക്രീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യ ആറുമാസം 4,200 ഓളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് ചുരണ്ടിയോ അക്ഷരം മാറ്റിയോ ആണ് പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പൂജ്യം എന്ന അക്കത്തിന് നടുവില്‍ കുത്തിടുക, ഇ എന്ന ഇംഗ്ലീഷ് അക്ഷരത്തെ ടി എന്നാക്കുക തുടങ്ങിയ വിദ്യകളാണ് പ്രയോഗിക്കുന്നത്.
ഒരു ഡ്രൈവര്‍ 30 ഗതാഗത നിയമലംഘനങ്ങള്‍ നടത്തി. 52,000 ദിര്‍ഹം ഇയാള്‍ക്ക് പിഴയിട്ടു. ഇത്തരം 326 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. 403 ഡ്രൈവര്‍മാരെ താക്കീത് ചെയ്തു. മറ്റു വാഹനങ്ങള്‍ അന്വേഷിച്ചു വരുന്നുവെന്നും മേജര്‍ ജനറല്‍ പറഞ്ഞു.