ഡീസലിന്നായി ഭാര വാഹനങ്ങളുടെ നീണ്ട നിര

Posted on: August 25, 2013 10:11 pm | Last updated: August 25, 2013 at 10:11 pm
SHARE

അല്‍ ഐന്‍: അബുദാബി അല്‍ ഫയ ഭാരവാഹന പാതയിലെ അഡ്‌നോക് പെട്രോള്‍ പമ്പുകളില്‍ ഡീസലിന്നായി ഭാരവാഹനങ്ങളുടെ നീണ്ട നിര. നാലും അഞ്ചും മണിക്കൂറാണ് ഭാരവാഹന പാതയില്‍ വാഹനങ്ങള്‍ ഇന്ധനത്തിനായി കാത്തു നില്‍ക്കുന്നത്.
പാതയില്‍ ഏകദേശം 25 കിലോമീറ്ററിനിടയില്‍ അഡ്‌നോക്കിന്റെ മൂന്ന് പെട്രോള്‍ പമ്പുകളാണ് സ്ഥിതിചെയ്യുന്നത്. അല്‍ ഫയ രണ്ടിലെ 763-ാം നമ്പര്‍ പെട്രോള്‍ പമ്പില്‍ ഡീസല്‍ ലിറ്ററിന് 3.30 ദിര്‍ഹം ആയി വര്‍ധിപ്പിച്ചതോടെയാണ് ഈ പാതയിലുള്ള ഇരു പമ്പുകളിലും പതിവില്‍ കവിഞ്ഞ് തിരക്ക് അനുഭവപ്പെടുന്നതെന്ന് ഭാര വാഹന തൊഴിലാളിയായ പാക്കിസ്ഥാന്‍ സ്വദേശി പറഞ്ഞു.
അല്‍ ഐനിലും അബുദാബിയിലുമുള്ള വില തന്നെയാണ് ഇതേ പാതയിലുള്ള മറ്റു പമ്പുകളിലും ഈടാക്കുന്നത്. ലിറ്ററിന് 2.35 ദിര്‍ഹമാണ് ഡീസലിന്റെ വില. പരീക്ഷണാടിസ്ഥാനത്തിലാണ് തിരക്കേറിയ ഈ പാതയില്‍ വില വര്‍ധിപ്പിച്ചതെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. വില വര്‍ധിപ്പിച്ച പമ്പില്‍ ഒന്നാം തീയതിക്കു ശേഷം നാമാമാത്രമായ ഡീസല്‍ വാഹനങ്ങള്‍ മാത്രമേ വരുന്നുള്ളൂവെന്നും ചില ദിവസങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ കയറാറില്ലെന്നും ഈ പാതയിലെ യാത്രക്കാരാനായ തിരുവനന്തപുരം സ്വദേശി അശോകന്‍ പറഞ്ഞു.
ഡീസല്‍ വില വര്‍ധനവിനു സാധ്യതയുണ്ടെന്നാണ് വിവരം. വടക്കന്‍ എമിറേറ്റില്‍ ലിറ്ററിന് 3.30 ദിര്‍ഹമാണ് ഈടാക്കുന്നത്. പല സ്ഥലത്തും പല വിലയായതിനാല്‍ ഡീസല്‍ കള്ളക്കടത്ത് വ്യാപകമാകുന്നുണ്ടെന്നും പരാതിയുണ്ട്.