കര്‍ണാടകയില്‍ പോലീസ്‌രാജ് നടപ്പാക്കുന്നുവെന്ന് മഅദനി

Posted on: August 25, 2013 12:53 pm | Last updated: August 25, 2013 at 5:31 pm
SHARE

Abdul_Nasar_Madani

ബംഗളൂരു: കര്‍ണ്ണാടകയില്‍ പോലീസ് രാജാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബംഗ്ലളൂരു സ്‌ഫോടനക്കേസില്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. ബി ജെ പി ഭരണത്തെക്കാള്‍ ദുസ്സഹമാണ് ഇപ്പോഴത്തെ അവസ്ഥ. അതിന്റെ തെളിവാണ് തനിക്കതിരെ എടുത്ത പുതിയ കേസെന്നും മഅദനി പറഞ്ഞു.

അതേസമയം ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കേസില്‍ നിലപാട് മാറ്റാനാകില്ല. കേസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിക്കുന്നത്. കേസ് കോടതിക്ക് മുമ്പിലാണുള്ളത്. മഅദനിയുടെ ജാമ്യക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅദനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. ചികിത്സാ റിപ്പോര്‍ട്ട് ഹാജരാകാന്‍ വൈകിയെന്ന ആരോപണവും ശരിയല്ല. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് എത്തിയ മന്ത്രി കെ ജെ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.