ഖത്തര്‍ ഹജ്ജ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

Posted on: August 25, 2013 8:02 am | Last updated: August 25, 2013 at 8:02 am
SHARE

ദോഹ: ഖത്തറില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഞായറാഴ്ച്ച പ്രസിദ്ധപ്പെടുത്തുമെന്ന് ഖത്തര്‍ വഖഫ് ഇസ്‌ലാമിക മന്ത്രാലയത്തിനു കീഴിലെ ഹജ്ജ് ഉംറ കാര്യ സമിതി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്നുമാണ് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഇവരെ തെരഞ്ഞെടുക്കുന്നത്. യാത്രയ്ക്ക് യോഗ്യരായവര്‍ക്ക് വിവരങ്ങള്‍ എസ് എം എസ് വഴി അറിയിക്കും.

സൗദിയിലെ ഹജ്ജ് കാര്യാലയവും ഖത്തര്‍ ഹജ്ജ് ഉംറ കാര്യ സമിതിയും പരസ്പരം എത്തിച്ചേര്‍ന്നിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. വിവരങ്ങള്‍ യഥാസമയം ഇടനിലക്കാരായ ടൂര്‍ഓപ്പറേറ്റര്‍മാരെയും അറിയിച്ചിട്ടുണ്ട്. ഹറമില്‍ വികസന പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. അവിടങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക നിര്‍ദേശങ്ങള്‍ക്ക് വിധേയമായും നിശ്ചയിക്കപ്പെടുന്ന സമയത്തില്‍ ഒതുങ്ങിയും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്ത് നിന്നെത്തുന്ന തീര്‍ഥാടകരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഖത്തറില്‍ നിന്നെത്തുന്നവര്‍ക്കായി തയ്യാറാക്കിയ താമസയിടങ്ങള്‍ ദോഹയില്‍ നിന്നുള്ള മുനിസിപ്പല്‍, സിവില്‍ ഡിഫന്‍സ്, അഭ്യന്തര വിഭാഗങ്ങളുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി.പതിമൂന്നോളം താമസയിടങ്ങളാണ് ഇത്തവണ ഖത്തര്‍ തീര്‍ഥാടകര്‍ക്കായി സൗദിയില്‍ ഒരുക്കിയിട്ടുള്ളത്.അവയില്‍ എട്ടെണ്ണം ലഘുഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളോടു കൂടിയുള്ളതാണ്.

അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുന്നതിനു യോഗ്യത നേടിയ ടൂര്‍ ഓപ്പറേറ്റര്‍മരുടെയും മറ്റും പേരുവിവരങ്ങളും നാളെ മുതല്‍ ലഭ്യമായിത്തുടങ്ങും. സൗദിയിലെ താമസയിടങ്ങള്‍ സംബന്ധിച്ചുള്ള കരാറുകളില്‍ അന്തിമ തീരുമാനമായതായും പത്രക്കുറിപ്പില്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് പുറമേ സുരക്ഷാ കാര്യങ്ങള്‍ക്ക് കൂടി മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത് എന്നറിയുന്നു.