Connect with us

Malappuram

ഹൈടെക്ക് നഗരസഭയാകാന്‍ മലപ്പുറം; ഫയലുകളുടെ പുരോഗതി എസ് എം എസ് വഴി ലഭ്യമാക്കും

Published

|

Last Updated

മലപ്പുറം: ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി ഹൈറ്റെക്ക് ഓഫീസായി മാറാന്‍ തയ്യാറെടുക്കുകയാണ് മലപ്പുറം നഗരസഭ. ഇതിനായി 75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സി സി ടി വി, ബയോമോട്രിക് പഞ്ചിങ് മെഷീന്‍, ശീതീകരിച്ച ജനസേവന കേന്ദ്രം തുടങ്ങി വിവിധ സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ഇ- ഗവേണന്‍സ് സംവിധാനത്തിലൂന്നിയുള്ള രജിസ്‌ട്രേഷന്‍ നടപടിയാണ് ഇപ്പോള്‍ നഗരസഭയില്‍ നടപ്പിലാക്കിയതെങ്കിലും ഈ വര്‍ഷാവസാനം എം.ഗവേണന്‍സ് പദ്ധതി നടപ്പിലാക്കി രജിസ്‌ട്രേഷനുകളും മറ്റു ഫയലുകളുടെ പുരോഗതിയും സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന്റെ മൊബൈലില്‍ നേരിട്ടെത്തിക്കുന്ന രീതിയും ഉടന്‍ നടപ്പാക്കും. സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ആദ്യ നഗരസഭ മലപ്പുറമാണ്. ഇത് കൂടാതെ കെട്ടിട നിര്‍മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും നഗരസഭ പദ്ധതി തയ്യാറായി കഴിഞ്ഞു.2012-13 കാലയളവില്‍ നടപ്പിലാക്കിയ ഫയല്‍ രഹിത കുടിശ്ശിക നഗരസഭ പദ്ധതി പൊതുജനങ്ങള്‍ക്ക് വളരെ വേഗം സേവനങ്ങള്‍ എത്തിക്കാന്‍ സഹായകമായി. പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന പൗരാവകാശ രേഖയും ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിക്കും. ആധുനിക സൗകര്യങ്ങളോടെ ജനസേവന കേന്ദ്രവും ഈ വര്‍ഷത്തോടെ ആരംഭിക്കും. ഇത്തരത്തില്‍ കുറ്റമറ്റ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് നഗരസഭയാവാന്‍ ഒരുങ്ങുകയാണ് മലപ്പുറം നഗരസഭ.

Latest