വികസനം പാളമേറുമ്പോള്‍ മലബാറിന്റെ നെല്ലറ ഓര്‍മയാകും

Posted on: August 25, 2013 7:52 am | Last updated: August 25, 2013 at 7:52 am
SHARE

മലബാറിന്റെ നെല്ലറ എന്നറിയപ്പെടുന്ന പൊന്നാനി കോള്‍മേഖലയിലൂടെ പാത കടന്ന് പോയാല്‍ കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ചയായിരിക്കും അനന്തര ഫലം. മുണ്ടകന്‍, പുഞ്ച എന്നീ നെല്‍കൃഷികള്‍ രണ്ട് ഘട്ടങ്ങളിലായി ഈ മേഖലയില്‍ ചെയ്തുവരുന്നുണ്ട്. ഇതിന് പുറമെ മത്സ്യം, പച്ചക്കറി, താറാവ്, ക്ഷീരകൃഷി പരിപാലനം എന്നീ കൃഷികളും കോള്‍മേഖലയെ ആശ്രയിച്ചാണ് നടക്കുന്നത്. കോള്‍മേഖലയോട് അനുബന്ധമായി കിടക്കുന്ന പാടശേഖരങ്ങളില്‍ വിരിപ്പ് നെല്‍കൃഷിയും സജീവമാണ്.
ഏറെ നാളത്തെ മുറവിളികള്‍ക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങള്‍ ഓരോന്നായി ലഭ്യമായിത്തുടങ്ങിയതിനെ തുടര്‍ന്നും നെല്ലിന്റെ വിലവര്‍ധിച്ചതിനെ തുടര്‍ന്നും കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് ആകൃഷ്ടരായി വരുന്നുണ്ട്. കൂടാതെ തരിശ് രഹിത ജില്ലയായി മലപ്പുറം ജില്ലയെ പ്രഖ്യാപിക്കുകയും തരിശായി കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷിയിറക്കുവാനായി ഒരുഹെക്ടറിന് അയ്യായിരം രൂപ നിരക്കില്‍ ധനസഹായവും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ പുഞ്ച സീസണുകളില്‍ പൊന്നാനി കോള്‍മേഖലയില്‍ നിന്നും റെക്കോര്‍ഡ് വിളവുകളാണ് ലഭിച്ചിരുന്നത്. പൊന്നാനി കോള്‍മേഖലയില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സി മാത്രം ഇരുപത് കോടി രൂപയുടെ നെല്ലാണ് 2011ല്‍ സംഭരിച്ചത്. സ്വകാര്യ ഏജന്‍സികളും വന്‍തോതില്‍ നെല്ല്‌ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം നെല്ല് സംഭരിച്ചത് നിര്‍ദിഷ്ട റെയില്‍വേ കടന്ന് പോകുന്നതിന് വേണ്ടി സര്‍വേ നടത്തിയ നൂനക്കടവ് കോള്‍പടവില്‍ നിന്നാണ്.
റെയില്‍വേക്ക് വേണ്ടി ഈ കൃഷിഭൂമികള്‍ ബലിനല്‍കുന്നതോടെ പൊന്നാനി കോള്‍മേഖലയുടെ കാര്‍ഷികമേഖല പൂര്‍ണമായും തകരും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ബിയ്യം റഗുലേറ്റഡ് കംബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ മേഖലയിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ഏറെക്കാലമായി അനുഭവിച്ചിരുന്ന ജലക്ഷാമത്തിനും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തില്‍ നിന്നും കൃഷിയെ രക്ഷിക്കുവാനായതിന്റെ സന്തോഷത്തിലായിരുന്നു കര്‍ഷകര്‍. ഓരോവര്‍ഷവും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് തടിയും ഓലയും മണ്ണും ഉപയോഗിച്ച് താത്കാലിക തടയണകള്‍ നിര്‍മിച്ചാണ് കൃഷിയെ സംരക്ഷിച്ച് വരുന്നത്.
നിര്‍ദിഷ്ട റെയില്‍വേ കടന്ന് പോകുന്നത് ബിയ്യം റഗുലേറ്റഡ് കംബ്രിഡ്ജിന്റെ സമീപത്ത് കൂടിയാണ്. ഇതോടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായ റഗുലേറ്റഡ് കം ബ്രിഡ്ജിനെയും പാത പ്രതികൂലമായി ബാധിക്കും. ഗതാഗതത്തിനുപരിയായി ഷട്ടറുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുവാന്‍ വേണ്ടിയാണ് റഗുലേറ്റഡ് കംബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. പൊന്നാനികോള്‍ മേഖലയുടെ വികസനത്തിന് വേണ്ടി ഇരുനൂറ് കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് കോള്‍മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ജില്ലാപഞ്ചായത്തിന്റെയും ഈപദ്ധതികള്‍ കൂടി യാഥാര്‍ഥ്യമായാല്‍ പൊന്നാനി കോള്‍മേഖലയിലെ കാര്‍ഷികരംഗം വന്‍ കുതിച്ചു ചാട്ടത്തിനു സാഹചര്യമൊരുങ്ങും. ഇതോടെ മേഖലയില്‍ തരിശു ഭൂമിയായി കിടക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ കൂടി കൃഷിയിറക്കുവാനും നെല്ലുല്‍പാദനം കാര്യക്ഷമമായി വര്‍ധിപ്പിക്കുവാനും കഴിയും. നൂറടിത്തോട് നവീകരണം, വെമ്പുഴയുടെ ആഴം കൂട്ടല്‍, ഇടത്തോടുകളുടെയും പെരുന്തോടുകളുടെയും പുനരുദ്ധാരണം, എന്‍ജിന്‍ തറകളുടെയും മോട്ടോര്‍ പുരകളുടെയും നിര്‍മാണം, പാടശേഖര സമിതികള്‍ക്ക് പമ്പ്‌സെറ്റ് നല്‍കല്‍, സ്ഥിരം വൈദ്യുതി കണക്ഷന്‍, കൂടുതല്‍ ബണ്ടുകളുടെ നിര്‍മാണം തുടങ്ങിയ നിരവധി കാര്‍ഷിക പദ്ധതികള്‍ ഈമേഖലയില്‍ അടുത്ത് തന്നെ നടപ്പിലാക്കുവാനിരിക്കുകയാണ്. ഈപ്രവര്‍ത്തനങ്ങളെയെല്ലാം നിമിഷനേരം കൊണ്ട് തകിടം മറിക്കുന്ന വിധത്തിലാണ് നിര്‍ദിഷ്ട തിരുനാവായ- ഗരുവായൂര്‍ പാതക്ക് വേണ്ടിയുള്ള സര്‍വേ നടപടികള്‍ നടന്നുവരുന്നത്.