റെയില്‍വേ ഡിവിഷന്‍: ജീവനക്കാരും ആശങ്കയില്‍

Posted on: August 25, 2013 7:50 am | Last updated: August 25, 2013 at 7:50 am
SHARE

പാലക്കാട്: റെയില്‍വേ ഡിവിഷന്‍ വിഭജിച്ചാല്‍ കുരുക്കിലാകുന്നത് റയില്‍വേ ജീവനക്കാര്‍. സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പറഞ്ഞ ഉറപ്പുകള്‍ ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
പുതിയ മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കുന്നതിനെതിരെ ജീവനക്കാര്‍ക്കിടയിലും അതൃപ്തിയാണുളളത്. പാലക്കാട് ഡിവിഷനില്‍ ആയിരത്തിലേറെ ഒഴിവുകള്‍ നിലവിലുളളപ്പോഴാണ് മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാനുളള നീക്കം. മംഗലാപുരത്തിനു മാത്രമായി ഉന്നത ഉദ്യോഗസ്ഥരുടെ കുറെ തസ്തികകള്‍ അധികമായി സൃഷ്ടിക്കേണ്ടിവരും. എന്നാല്‍ താഴെത്തട്ടിലുളള ജീവനക്കാരുടെ എണ്ണം ഒട്ടും കൂടില്ല. സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോഴും ജീവനക്കാരുടെ ജോലി ഭാരം കുറക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. അതുകൊണ്ടുതന്നെ പുതിയ ഡിവിഷന്‍ രൂപവത്കരണത്തെ ജീവനക്കാരുടെ സംഘടനകള്‍ ആശങ്കയോടെയാണ് കാണുന്നത്. അതേസമയം കൊങ്കണ്‍വഴി ഗുഡ്‌സ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നതായുളള ആക്ഷേപം ശരിയല്ലെന്നും അറ്റകുറ്റപ്പണികളോ മറ്റ് തടസങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമാണിതെന്നും പാലക്കാട് റയില്‍വേ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് പാലക്കാട് ഡിവിഷന്റെ വരുമാനത്തെ ബാധിക്കില്ലെന്നും റയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.