ദില്‍ നവാസിനെയും ഷംസാദിനെയും മര്‍കസ് ഏറ്റെടുത്തു

Posted on: August 25, 2013 7:42 am | Last updated: August 25, 2013 at 7:46 am
SHARE

കാരന്തൂര്‍: ദില്‍ നവാസിനെയും ഷംസാദിനെയും തവനൂര്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ മര്‍കസിന് കൈമാറി. കൊല്‍ക്കത്തയിലെ ഒരു ദരിദ്ര കുടുംബത്തിലെ സന്തതികളാണ് ഇരുവരും. ഉമ്മ മരിച്ച ഈ കുരുന്നുകളെയുമായി പിതാവ് തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ അലഞ്ഞു തിരിയുന്നതിനിടെയാണ് കേരളത്തിലെത്തുന്നതും വളര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലാതെ തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഏല്‍പ്പിക്കുന്നതും. എട്ട് മാസത്തോളം അവിടെ താമസിച്ചു വരവെ ഉത്തരവാദപ്പെട്ട സ്ഥാപനത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ ജുവനൈല്‍ ഹോം അധികൃതര്‍ തീരുമാനിക്കുകയും മര്‍കസുമായി ബന്ധപ്പെടുകയുമായിരുന്നു. മര്‍കസ് അവരെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് ജുവനൈല്‍ ഹോം മേധാവികള്‍ ഇന്നലെ മര്‍കസിലെത്തി കുട്ടികളെ കൈമാറിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്‍ അഡ്വ. ശരീഫ്(ജുവനൈല്‍ ജസ്റ്റിസ്), സൂപ്രണ്ട് പരമേശ്വരന്‍, അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബു, അശ്‌റഫ് വാവൂര്‍, ജഅ്ഫല്‍ കക്കടിപ്പുറം, ഉമര്‍ സഖാഫി എന്നിവരടങ്ങുന്ന സംഘമാണ് മര്‍കസിലെത്തിയത്.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കാശ്മീര്‍ ഹോം മാനേജര്‍ മൂസ സഖാഫി പാതിരിമണ്ണ, റശീദ് പുന്നശ്ശേരി, ഡോ.അബൂബക്കര്‍ നിസാമി സംബന്ധിച്ചു.