Connect with us

International

രാസായുധ പ്രയോഗം: യു എന്‍ നിരായുധീകരണ മേധാവി സിറിയയില്‍

Published

|

Last Updated

ദമസ്‌കസ്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ യു എന്‍ നിരായുധീകരണ മേധാവി അംഗേല കാനെ സിറിയയിലെത്തി. ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കാനെ സിറിയയിലെത്തിയത്. തലസ്ഥാനമായ ദമസ്‌കസിലെ വിമാനത്താവളത്തിലെത്തിയ കാനെയെ സര്‍ക്കാര്‍ മേധാവികള്‍ സ്വീകരിച്ചു. രാസായുധ ആക്രമണം നടന്ന ദമസ്‌കസിലെ ഗൗത മേഖലയില്‍ കാനെ സന്ദര്‍ശനം നടത്തും. ഇവിടെ യു എന്‍ വിദഗ്ധ സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയും കാനെ പരിശോധിക്കുമെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു. സിറിയന്‍ പ്രക്ഷോഭ നഗരങ്ങളില്‍ അന്വേഷണത്തിന് നിയോഗിച്ച ഇരുപത് അംഗ രാസായുധ വിദഗ്ധ സംഘത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് കാനെ സര്‍ക്കാര്‍ വക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പശ്ചാത്തലത്തില്‍ സിറിയന്‍ മേധാവികളുമായി കാനെ ചര്‍ച്ച നടത്തുമെന്ന് സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ സൈന്യം തന്നെയാണോ എന്ന് യു എന്‍ വ്യക്തമാക്കിയിട്ടില്ല. വിമത പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ ഇതുവരെ സിറിയയില്‍ തങ്ങള്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും മറ്റും ലഭിച്ച രാസായുധങ്ങള്‍ വിമത സൈന്യം വ്യാപകമായി പ്രയോഗിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബുധാനാഴ്ച നടന്ന ആക്രമണത്തിന് പിന്നില്‍ വിമതര്‍ തന്നെയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. സിറിയന്‍ വിഷയത്തില്‍ ബശര്‍ അല്‍ അസദിന് അനുകൂല സമീപനം സ്വീകരിക്കുന്ന പ്രധാന ശക്തിയാണ് റഷ്യ. സിറിയയില്‍ വിമതര്‍ രാസായുധം പ്രയോഗിച്ചതിന് വ്യക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് നേരെത്തെ റഷ്യ വ്യക്തമാക്കിയിരുന്നു.
ഗൗത മേഖലയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സിറിയന്‍ വിമതര്‍ക്ക് അനുകൂലമായ നിലപാടുകളുമായി അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാസായുധ പ്രയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, സിറിയയില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുകയെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് ആരോപിച്ച് പാശ്ചാത്യ ശക്തികള്‍ സൈനിക നടപിക്കൊരുങ്ങുന്ന സാഹചര്യത്തില്‍ യു എന്‍ അന്വേഷണത്തെ ഏറെ പ്രാധാന്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.

Latest