Connect with us

Kerala

പ്ലസ് വണ്ണിന് 29417 സീറ്റുകള്‍; സീറ്റില്ലെന്ന വാദം പൊളിയുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ആവശ്യമായ സീറ്റുകളില്ലാത്തതിനാലാണ് പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നതെന്ന സര്‍ക്കാറിന്റെ വാദം പൊളിയുന്നു. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍-എയിഡഡ്, അണ്‍ എയിഡഡ് മേഖലകളില്‍ ഒഴിഞ്ഞു കിടക്കുന്നത് 29,417 പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ 90 ശതമാനത്തിലധികവും അണ്‍ എയ്ഡഡ് മേഖലയിലാണ്.
ഈ വര്‍ഷത്തെ അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 4559 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളും അണ്‍ എയ്ഡ്ഡ് മേഖലയിലാണ്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ പട്ടികയില്‍ സംവരണ സീറ്റുകളും ഉള്‍പ്പെടും. മെറിറ്റ് സീറ്റുകള്‍ 1257, മാനേജ്‌മെന്റ് സീറ്റുകള്‍ 1655, സമുദായ സംവരണ സീറ്റുകള്‍ 1647 എന്നിങ്ങനെയാണ് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം. പ്ലസ് വണ്‍ പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മതിയായ സീറ്റുകള്‍ ഇല്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സ്‌കൂളുകള്‍ അനുവദിച്ചേ മതിയാകൂ എന്നുമുള്ള സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം ഇത് പ്രകടമാക്കുന്നതാണ്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കാസര്‍കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ്.
ഇതോടൊപ്പം ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ട അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ അഞ്ചിരട്ടി വരും. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആകെയുള്ള 61,125 സീറ്റുകളില്‍, 24,858 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.
ഈ സാഹചര്യത്തിലാണ് 148 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശമുയരുന്നത്. മലപ്പുറം, കോഴിക്കോട് ഒഴികെ മറ്റു വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റുകളില്ലെന്ന സര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയാണ് ഈ കണക്കുകള്‍.
മലബാര്‍ ജില്ലകളില്‍ പലയിടത്തും സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പോലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹയര്‍സെക്കന്‍ഡറി കൂടാതെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്കുകള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍ എന്നിവയും നിലവിലുണ്ട്.
പുറമെ ഒപ്പണ്‍ സ്‌കൂള്‍ സംവിധാനവും. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, മലബാറിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലൊഴികെ പുതിയ ഹയര്‍ സെക്കഡറി സ്‌കൂളുകളും സീറ്റ് വര്‍ധനയും ആവശ്യമില്ലെന്ന് ഹയര്‍ സെക്കഡറി ഡയറക്ടറേറ്റ് സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇതിനെ മറികടന്നാണ് പുതിയ സ്‌കൂളുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest