ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

Posted on: August 24, 2013 6:19 pm | Last updated: August 24, 2013 at 6:21 pm
SHARE

net browsingന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോംസ്‌കോറിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഇന്‍ ഫോക്കസ് 2013 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാനെ കടത്തിവെട്ടിയാണ് ഇന്ത്യ മൂന്നാമതെത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോംസ്‌കോര്‍.കോം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 73.9 ദശലക്ഷം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.  ഇവരില്‍ 75 ശതമാനം പേരും 35 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ്. ആകെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 40 ശതമാനം മാത്രമാണ് സ്ത്രീകള്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 25% സമയവും ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയക്ക് മുന്നിലാണ്.  23 ശതമാനം സമയം ഇ മെയില്‍ ഉപയോഗിക്കുന്നുവെന്നും കോം സ്‌കോര്‍ റിപ്പോര്‍ട്ട് പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ഫേസ്ബുക്കിനോടാണ്. ലിങ്ക്ഡ്ഇനും ട്വിറ്ററും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഗൂഗിളാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രീതിയുള്ള സെര്‍ച്ച് എന്‍ജിന്‍. യാഹു, മൈക്രോസോഫ്റ്റ്, വിക്കിപീഡിയ തുടങ്ങിയവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.