Connect with us

Gulf

ബാഗേജ് പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ആന്റണി

Published

|

Last Updated

INDIAN MEDIA DELIGATION PIC

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സംഘടനാ പ്രതിനിധികള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ആന്റണിയെ സന്ദര്‍ശിച്ചപ്പോള്‍

ന്യൂഡല്‍ഹി: ബാഗേജ് വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുനഃപരിധിക്കണമെന്ന പ്രവാസി മലയാളികളുടെ ആവശ്യം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റേയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട നിവേദക സംഘത്തിനാണ് അദ്ദേഹം ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്.

ബാഗേജ് 30 കിലോയില്‍ 20 കിലോ ആയാണ്  എയര്‍ ഇന്ത്യ എക്‌സപ്രസ് വെട്ടിക്കുറച്ചത്. ഈ മാസം 22 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഗള്‍ഫിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയളായികള്‍ക്കാണ് ഈ നടപടി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് നിവേദക സംഘം പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. പ്രവാസികളില്‍ നിന്ന് ഇത്തരം ആവശ്യവുമായി ആദ്യമായാണ് ഒരു നിവേദക സംഘം ഡല്‍ഹിയില്‍ എത്തുന്നതെന്ന് എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ ഗൗരവത്തോടെ വിഷയം പ്രധാനമന്ത്രിയുടെയും സോണിയഗാന്ധിയുടേയും  ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പു നല്‍കി.

ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി, കേന്ദ്രഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി.തോമസ്, തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരുമായും ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി.എ.അബ്ദുല്‍ സമദ്, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുമായും സോണിയാഗാന്ധിയുമായും കൂടിക്കാഴ്ച്ചയ്ക്ക് സംഘം സമയം ചോദിച്ചിട്ടുണ്ട്. കേന്ദ്രവ്യോമയാന മന്ത്രി അജിത് സിംഗുമായി സംഘം ഇന്ന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്, ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വര മംഗലം, എമിറേറ്റ്‌സ് ഇന്ത്യ ഫോറം പ്രസിഡന്റ് എ.എം. ഇബ്രാഹിം എന്നിവരാണുള്ളത്.

കേരളത്തില്‍ നിന്നുള്ള ഭരണ പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരണവും നിവേദക സംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തി.പി.സി.ചാക്കോ,എം.ഐ.ഷാനവാസ്,ആന്റോ ആന്റണി,എം.ബി.രാജോഷ്,എന്‍.പീതാംബരക്കുറുപ്പ്, ജോസ് കെ.മാണി,പി.രാജീവ്,എം.ബി.അച്ചുതന്‍,പി.കരുണാകരന്‍,സി.പി.നാരായണന്‍ എന്നിവരുടെ ഒപ്പു ശേഖരണവും നിവേദക സംഘം ശേഖരിച്ചു.എംപിമാര്‍ പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതോടൊപ്പം പ്രധാന മന്ത്രിയുടെ ചേംബറിലെത്തി ഈ നിവേദനം സമര്‍പ്പിക്കുകയും ചെയ്യും.