ശാലു മേനോനും ജോപ്പനും ജയില്‍ മോചിതരായി

Posted on: August 24, 2013 4:14 pm | Last updated: August 25, 2013 at 7:09 am

shalu and joppenതിരുവനന്തപുരം: സോളാര്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ടെന്നി ജോപ്പനും ശാലു മേനോനും ജയില്‍ മോചിതരായി. ശാലു അട്ടക്കുളങ്ങര ജയിലില്‍ നിന്നും ജോപ്പന്‍ പത്തനംതിട്ട ജയിലില്‍ നിന്നുമാണ് മോചിതരായത്. കനത്ത ഉപാധികളോടെ ഇന്നലെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

രാജ്യം വിട്ട് പോകരുതെന്ന ജാമ്യവ്യവസ്ഥ അനുസരിച്ച് ശാലുമേനോന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ശാലു ചങ്ങനാശ്ശേരിയിലെ വസതിയിലേക്കാണ് പോകുക. ജോപ്പന്‍ കൊട്ടാരക്കരയിലെ വീട്ടിലേക്ക് പോയി.

ജോപ്പന്‍ രണ്ട് മാസത്തിന് ശേഷവും ശാലുമോനോന്‍ 50 ദിവസത്തിന് ശേഷവുമാണ് ജയില്‍ മോചിതരായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇരുവരെയും കൂക്കിവിളികളോടെയാണ് ജനം എതിരേറ്റത്.

കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 28നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പന്‍ അറസ്റ്റിലായത്. തിരുവനന്തപുരം മണക്കാട് സ്വദേശി റാസിക്ക് അലിയുടെ പരാതിയിലായിരുന്നു ശാലുവിന്റെ അറസ്റ്റ്.