Connect with us

Malappuram

താനൂര്‍ ഗവ. കോളജ് നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

താനൂര്‍:ഉത്സവാന്തരീക്ഷത്തില്‍ താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. സഫലമായത് നാടിന്റെ ചിരകാല സ്വപ്‌നം. താനൂര്‍ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ഇതോടെ ഏതാണ്ട് പരിഹാരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തിലെ കോളജുകളില്ലാത്ത 23 മണ്ഡലങ്ങളില്‍ കോളജുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അത്തരം സ്‌കൂളുകള്‍ വരുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവിന്റെ നൂറ്റാണ്ടില്‍ ലോകത്തിലെ മറ്റു രാജ്യങ്ങളോടൊപ്പം മുന്നോട്ടുപോകുന്നതിന് കേരളത്തെ സന്നദ്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വികസന വകുപ്പിന് കീഴിലെ കെ പുരം ഐ ടി ഐയിലാണ് താത്ക്കാലികമായി ക്ലാസുകള്‍ ആരംഭിക്കുന്നത്. താനൂര്‍ റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അഞ്ച് ഏക്കര്‍ ഭൂമിയിലാണ് സ്ഥിരം കെട്ടിടം നിര്‍മിക്കുക. എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്നും അഞ്ച് കോടി ഇതിന് നീക്കിവെച്ചിട്ടുണ്ട്. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് താത്ക്കാലിക കെട്ടിടത്തില്‍ ഫര്‍ണിച്ചറുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. അഞ്ച് കോഴ്‌സുകളിലായി 132 സീറ്റാണ് കോളജിലുള്ളത്. വിദ്യാര്‍ഥി പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കലക്ടര്‍ കെ ബിജു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ടി വി ഇബ്‌റാഹിം, ഡോ. പി കെ വേലായുധന്‍, ജനപ്രതിനിധികളായ തൊട്ടിയില്‍ ശരീഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, എം പി അഷ്‌റഫ്, കുണ്ടില്‍ ഹാജറ, നൂഹ് കരിങ്കപ്പാറ, വി പി സുലൈഖ, പി പി ഖദീജ, വെട്ടം ആലിക്കോയ, പി പി മെഹറുന്നിസ, കെ സലാം, പി പി ശംസുദ്ദീന്‍, വി പി സുഹറ, എം പി ഹംസക്കോയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യു കെ ഭാസി, പി ടി കെ കുട്ടി, കെ പി മുഹമ്മദ് ഇസ്മായില്‍, ഒ രാജന്‍, ടി പി എം അബ്ദുല്‍ കരീം പ്രസംഗിച്ചു. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ സ്വാഗതവും കോളജ് സ്‌പെഷല്‍ ഓഫീസര്‍ വി പി ബാബു നന്ദിയും പറഞ്ഞു.

Latest