Connect with us

Kozhikode

മണല്‍ കടത്തിയ ലോറിയും തോണിയും പിടികൂടി

Published

|

Last Updated

രാമനാട്ടുകര: ഫറോക്ക്, രാമനാട്ടുകര മേഖലയില്‍ പോലീസും റവന്യൂ അധികൃതരും നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുന്ന ലോറിയും തോണിയും പിടികൂടി. അനധികൃത മണല്‍ കടത്തിന് കൂട്ടുനിന്ന അമ്മിഞാത്ത് കടവിലെ റസീവര്‍ ഫാറൂഖ് കോളജ് ഇട്ടപ്പുറം ഷാനവാസി(43)നെതിരെ പോലീസ് കേസെടുത്തു. ചാലിയാറില്‍ രാമനാട്ടുകര, കോടമ്പുഴ, കരുവന്‍തിരുത്തി പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊറ്റമംഗലം നിറംക്കണ്ടി പറമ്പിനു സമീപം ലോറി നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ആളില്‍ നിന്നാണ് മണല്‍ കടത്തില്‍ റസീവറുടെ പങ്ക് മനസ്സിലായത്.
ഫറോക്ക് കരുവന്‍തിരുത്തി പടന്നയില്‍ നിന്നാണ് തോണിയും രണ്ടുലോഡ് മണലും പിടികൂടിയത്. കരുവന്‍തിരുത്തി വില്ലേജ് ഓഫീസര്‍ മണല്‍ ലേലത്തില്‍ വിറ്റു. തോണി പുതിയപാലം കടവിലേക്ക് മാറ്റി. കോടമ്പുഴ മാണക്കഞ്ചേരി താഴത്തിന് സമീപം അനധികൃത ശേഖരമായ 59 ചാക്ക് മണല്‍ രാമനാട്ടുകര വില്ലേജ് ഓഫീസര്‍ പിടികൂടി ലേലത്തില്‍ വിറ്റു. ഈ ഭാഗത്ത് ചാക്കില്‍ കെട്ടി മണല്‍ കടത്ത് വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.