Connect with us

Kozhikode

അപേക്ഷ സ്വീകരിക്കാന്‍ വിമുഖത; നാട്ടുകാര്‍ അക്ഷയ കേന്ദ്രം ഉപരോധിച്ചു

Published

|

Last Updated

പേരാമ്പ്ര: അക്ഷയ കേന്ദ്രം വഴി ലഭ്യമാകേണ്ട അവശ്യരേഖകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായവര്‍ പേരാമ്പ്രയിലെ അക്ഷയ കേന്ദ്രം ഉപരോധിച്ചു.
ഇതുമൂലം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. നേരത്തെ സ്വീകരിച്ച 34 അപേക്ഷകള്‍ക്ക് മാത്രമേ പരിഗണന നല്‍കൂ എന്ന നിലപാടാണ് ഗുണഭോക്താക്കളെ പ്രകോപിപ്പിച്ചത്.
ആധാര്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി പരക്കം പായുന്ന അപേക്ഷകരെ അവഗണിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയതോടെ അനുരജ്ഞന ശ്രമങ്ങളുമായി ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും രംഗത്തെത്തിയതോടെയാണ് അപേക്ഷകരുടെ രോഷം ശമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ കുമാരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ഇന്നുമുതല്‍ സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി പി കുഞ്ഞനന്തന്‍, പി അബ്ദുര്‍റഹ്മാന്‍, മിനി വട്ടക്കണ്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ മരുതേരി, പി കെ രാഗേഷ്, ശശിധരന്‍ ലിബാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest