Connect with us

Kerala

റിപ്പര്‍ ജയാനന്ദന്റെ ജയില്‍ ചാട്ടം: സുരക്ഷാ വീഴ്ചയെന്ന് രേഖകള്‍

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് ജയില്‍ ചാട്ടത്തിന് വഴിയൊരുക്കിയത് സുരക്ഷാ വീഴ്ചയെന്ന് വിവരാവകാശ രേഖകള്‍. ജയില്‍ ചാടി മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് ഇതുവരെ ജയാന്ദനെ പിടികൂടാനായിട്ടില്ല. ജയില്‍ ചാടിയ ദിവസം പൂജപ്പുര ജയിലില്‍ സുരക്ഷ ദുര്‍ബലമായായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കൊടും കുറ്റവാളികളെ പാര്‍പ്പിച്ച ജയിലില്‍ അന്ന് രാത്രി ചുമതലയുണ്ടായിരുന്ന ഇരുപത് വാര്‍ഡര്‍മാരില്‍ പത്തൊമ്പത് പേരും താത്കാലിക ജോലിക്കാരായിരുന്നു.
ജൂണ്‍ ഒമ്പതിനാണ് റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരന്‍ ഊപ്പ പ്രകാശനോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടിയത്. അന്ന് രാത്രി ജയിലില്‍ ഡ്യൂട്ടിക്ക് മൂന്ന് ഹെഡ് വാര്‍ഡഡര്‍മാരും ഇരുപത് വാര്‍ഡന്‍മാരുമാണുണ്ടായിരുന്നത്. ഇവരില്‍ പത്തൊമ്പത് പേരും താത്കാലിക ജീവനക്കാരായിരുന്നുവെന്ന് പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് ലഭിച്ച വിവരാവകാശ രേഖകള്‍ പറയുന്നു.
റിപ്പര്‍ ജയചന്ദ്രന്‍ ജയില്‍ ചാടിയ ദിവസം ജയില്‍ മതില്‍ക്കെട്ടിനകത്തുള്ള സെന്‍ട്രല്‍ വാച്ച് ടവറിലിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരു സ്ഥിരം ജീവനക്കാരന്‍ പോലുമുണ്ടായിരുന്നില്ല. ജയിലില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളില്‍ മുപ്പത്തയേഴെണ്ണവും പ്രവര്‍ത്തനരഹിതമായിരുന്നു. 2004 മുതല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജില്ലാ ജയിലില്‍ നിന്നുമായി ജയില്‍ ചാടിയതായി 15 പരാതികളാണ് പൂജപ്പുര പോലീസിലുള്ളത്. റിപ്പര്‍ ജയില്‍ ചാടിയ ശേഷവും സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ആക്ഷേപം.
1200 തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ വാര്‍ഡര്‍മാരുടെ അംഗബലം 122 മാത്രമാണ്. ഇവരാണ് മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യേണ്ടത്. അതുകൊണ്ടാണ് താത്കാലിക ജീവനക്കാരുടെ എണ്ണം കൂടിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജയിലിലെ സുരക്ഷയെക്കുറിച്ചോ ചട്ടങ്ങളെക്കുറിച്ചോ കൃത്യമായി ധാരണയില്ലാത്ത ദിവസവേതനക്കാരാണ് കൊടും കുറ്റവാളികള്‍ക്ക് കാവല്‍ കിടക്കുന്നത്.