സോളാര്‍ കേസ്: പ്രോസിക്യൂഷന് വ്യത്യസ്ത നിലപാടെന്ന് ഹൈക്കോടതി

Posted on: August 24, 2013 9:23 am | Last updated: August 24, 2013 at 9:23 am
SHARE

Kerala High Courtകൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനാരെന്ന കാര്യത്തില്‍ പ്രോസിക്യൂഷന് വ്യത്യസ്ത നിലപാടെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തലവനായ അഡീഷനല്‍ ഡി ജി പിയാണോ ഡി വൈ എസ് പിയാണോ അന്വേഷണ ഉദ്യോഗസ്ഥനെന്ന കാര്യത്തില്‍ അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും വ്യത്യസ്ത നിലപാടാണ് കോടതിയെ അറിയിച്ചതെന്ന് ജസ്റ്റിസ് എസ് എസ് സതീശ് ചന്ദ്രന്‍ വ്യക്തമാക്കി. ആര്‍ക്കാണ് കുറ്റപത്രം നല്‍കാന്‍ നിയമപരമായ അധികാരമെന്ന കാര്യത്തില്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് തീരുമാനമെടുക്കാമെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം കൈക്കൊള്ളുന്നില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്തിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന കേസായതിനാലാണ് ഈ നിയമപ്രശ്‌നം പരിശോധിച്ചത്. പല കേസുകളിലും സര്‍ക്കാര്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുന്നുണ്ട്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനുള്ളപ്പോള്‍ കീഴുദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥരായി നിയമിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ചുമതലപ്പെടുത്താമോ? അന്വേഷണ ഉദ്യോഗസ്ഥനാവാതെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല മാത്രം വഹിക്കാനാകുമോ? നിയമപ്രശ്‌നം പരിശോധിക്കുന്നത് അന്വേഷണത്തില്‍ കോടതിയുടെ ഇടപെടലായി കണക്കാക്കാനാകില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സോളാര്‍ കേസുകള്‍ അന്വേഷിക്കുന്നത് അഡീഷനല്‍ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണെന്നും സംഘത്തിലുള്ള ഡി വൈ എസ് പിമാര്‍ക്ക് കേസന്വേഷണത്തിന്റെ ചുമതല നല്‍കിയിട്ടുണ്ടെന്നും കുറ്റപത്രത്തിന് അംഗീകാരം നല്‍കലടക്കമുള്ള പ്രധാന ചുമതലകള്‍ അഡീഷനല്‍ ഡി ജി പിക്കാണെന്നുമാണ് സ്റ്റേറ്റ് പ്രോസിക്യൂഷന്‍ കൂടിയായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആദ്യം കോടതിയെ അറിയിച്ചത്.
എന്നാല്‍ അഡീഷനല്‍ ഡി ജി പിക്ക് മേല്‍നോട്ടച്ചുമതല മാത്രമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി പിന്നീട് അഡ്വക്കറ്റ് ജനറല്‍ പത്രിക സമര്‍പ്പിച്ചു. ഡി ജി പിക്ക് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അധികാരമുണ്ടോയെന്ന കാര്യത്തില്‍ വിശദീകരണം തേടിയപ്പോള്‍ ഡി ജി പിയുടെ നടപടി സര്‍ക്കാര്‍ അധികരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഡി ജി പി കീഴുദ്യോഗസ്ഥരെ ചുമതലപ്പടുത്തിയതിനും സര്‍ക്കാര്‍ പ്രത്യേക അംഗീകാരം നല്‍കി. കേസിലെ മേല്‍നോട്ട ചുമതലയും അന്വേഷണ ചുമതലയും വ്യത്യസ്തമാണെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. പരാതിക്കാരനായ ശ്രീധരന്‍ നായരെ അഡീഷനല്‍ ഡി ജി പി ചോദ്യം ചെയ്തതായി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സുപധാന നടപടികളെല്ലാം സ്വീകരിച്ച അഡീഷനല്‍ ഡി ജി പിയെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയതായി കാണുന്നില്ല. ഈ നിയമപ്രശ്‌നം ജാമ്യാപേക്ഷയില്‍ കോടതി പിരശോധിക്കുന്നത് ഉചിതമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനാരെന്ന കാര്യത്തില്‍ വ്യത്യസ്ത നിലപാട് വരുമ്പോള്‍ നീതിനിര്‍വഹണത്തിന്റെ ഭാഗമായി കോടതിക്ക് ഇക്കാര്യം പരിശോധിക്കാം. ചില കേസുകളില്‍ ഡി വൈ എസ് പിമാരാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്രപത്രം നല്‍കിയത് നിയമപരമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല. ഉചിതമായ സമയത്ത് മജിസ്‌ട്രേറ്റുമാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.