Connect with us

Kerala

ഭാഷ അറിയാത്ത കന്നഡ അധ്യാപികക്കെതിരെ വിദ്യാര്‍ഥികള്‍

Published

|

Last Updated

കാഞ്ഞങ്ങാട്: ഭാഷാ പരിജ്ഞാനമില്ലാത്തവരെ കന്നഡ അധ്യാപികയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും കൊഴുക്കുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കന്നഡ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സോഷ്യല്‍ സയന്‍സ് അധ്യാപികയായ നെടുമങ്ങാട് തുരുമ്പില്‍ കഞ്ഞിവിള വീട്ടില്‍ എം സുജക്കെതിരെ കന്നഡ ഭാഷാ സംഘടനകളും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നു. ഇവരുടെ സാന്നിധ്യത്തില്‍ കന്നഡ സംഘടന ഭാരവാഹികള്‍ അധ്യാപിക സുജക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കന്നഡ സാഹിത്യപരിഷത്ത് പ്രസിഡന്റ് എസ് പി ഭട്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് കന്നഡ സംഘ് പ്രസിഡന്റ് എച്ച് ലക്ഷ്മണ, കന്നഡ സമന്വയ സമിതി പ്രസിഡന്റ് പുരുഷോത്തമ, ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക വാരിജാക്ഷി, അമിത, രക്ഷിതാവ് കുശാല്‍നഗറിലെ നീന എന്നിവരും കന്നഡ പഠിക്കുന്ന എട്ടോളം കുട്ടികളുമാണ് പരാതിയുമായി ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ ഇ ഗംഗാധരന് പരാതി നല്‍കിയത്. പരാതിയില്‍ ഉചിതമായ നടപടി കൈക്കൊള്ളാന്‍ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ഡിവിഷനുകളിലായി അറുപതോളം കന്നഡ വിദ്യാര്‍ഥികളുണ്ട്. ജൂണില്‍ പൂര്‍ണമായും അവധിയിലായിരുന്ന അധ്യാപിക ജൂലൈയില്‍ സ്‌കൂളിലെത്തിയിരുന്നു. പിന്നീട് 27 ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി. ഇവര്‍ ക്ലാസെടുക്കാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കന്നഡ ഭാഷ പഠിക്കാന്‍ ട്യൂഷന്‍ സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.

Latest