എം ടിക്ക് ഫെലോഷിപ്പ്; സുമംഗലക്ക് ബാലസാഹിത്യ പുരസ്‌കാരം

Posted on: August 24, 2013 6:58 am | Last updated: August 24, 2013 at 6:58 am
SHARE

mt vasuചെന്നൈ: എം ടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. ബാലസാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സുമംഗലക്ക് ബാലസാഹിത്യ പുരസ്‌കാരവും മാധ്യമ പ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ പി വി ഷാജികുമാറിന് യുവസാഹിത്യ പുരസ്‌കാരവും ലഭിച്ചു. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ‘വെള്ളരിപ്പാടം’ എന്ന ചെറുകഥക്കാണ് ഷാജി കുമാറിന് അവാര്‍ഡ്. നവംബര്‍ 15ന് ഗോവയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് തിവാരിയുടെ അധ്യക്ഷതിയില്‍ ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് കുട്ടികള്‍ക്ക് വേണ്ടി അമ്പതോളം കഥകളും ലഘു നോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്ക കിങ്ങിണി, മഞ്ചാടിക്കുരു തുടങ്ങിയവയാണ് സുമംഗലയുടെ പ്രധാന ചെറുകഥാ സമാഹരങ്ങള്‍. കടമകള്‍, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും അവരുടേതായുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നീ അംഗീകാരങ്ങളും സുമംഗലക്ക് ലഭിച്ചിട്ടുണ്ട്.
ജനം, വെള്ളരിപ്പാടം, കിടപ്പറ സമരം എന്നീ കഥാസമാഹാരങ്ങള്‍ പി വി ഷാജി കുമാറിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 2009ലെ ഇന്ത്യാ ടുഡേ സര്‍വേയില്‍ മികച്ച പത്ത് പുസ്തകങ്ങളിലൊന്നായി ‘വെള്ളരിപ്പാടം’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ 23 ഭാഷകളിലായി 35 വയസ്സിന് താഴെയുള്ള ഓരോ എഴൂത്തുകാര്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാരം നല്‍കുന്നത്. വിവിധ ഭാഷകളിലെ പ്രത്യേക ജൂറി ശിപാര്‍ശ ചെയ്തവരില്‍ നിന്നാണ് യുവ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ടി പി രാജീവന്‍, പി വത്സല, വൈശാഖന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ സാഹിത്യ പുരസ്‌കരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.